കൽപറ്റ: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനവുമായി ബന്ധപ്പെട്ട് ജില്ലയിൽ കരടുപട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക സംബന്ധിച്ച് ഡിസംബർ മൂന്നുവരെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും ഡീലിമിറ്റേഷൻ കമീഷൻ സെക്രട്ടറി, കലക്ടർ എന്നിവർക്ക് നേരിട്ടോ തപാലിലോ അറിയിക്കാം.
സാധൂകരിക്കുന്ന രേഖകളുണ്ടെങ്കിൽ അവയുടെ പകർപ്പും നൽകണം. കരട് പട്ടിക പ്രകാരം വയനാട്ടിലെ മൂന്നു നഗരസഭകളിലായി നാലുവാർഡുകളും ജില്ലപഞ്ചായത്തിൽ ഒന്നും ബ്ലോക്ക് പഞ്ചായത്തുകളിൽ അഞ്ചും ഗ്രാമപഞ്ചായത്തുകളിൽ 37 ഉം വാർഡുകളാണ് വർധിക്കുക. 28 വാർഡുകളുള്ള കൽപറ്റ നഗരസഭയിൽ കേന്ദ്രീയവിദ്യാലയം, ഗൂഡലായി എന്നീ രണ്ടു വാർഡുകൾ വർധിച്ച് മുപ്പതാകും. 36 വാർഡുകളുള്ള മാനന്തവാടി നഗരസഭയിൽ ക്ലബ്കുന്ന് വാർഡ് വർധിച്ച് 37 ആകും.
സുൽത്താൻബത്തേരി നഗരസഭയിൽ ഒരു വാർഡ് കൂടി 35 വാർഡ് 36 ആകും. സി-കുന്ന് വാർഡാണ് പുതിയതായി ഉൾപ്പെടുക. നിലവിൽ ജില്ലപഞ്ചായത്തിൽ 16 വാർഡുകളാണുള്ളത്. ഇത് 17 ആകും. നാലു ബ്ലോക്ക് പഞ്ചായത്തുകളിലായി 54 വാർഡുകൾ നിലവിലുള്ളതിൽ അഞ്ചെണ്ണം വർധിച്ച് 59 ആകും. 23 ഗ്രാമപ്പഞ്ചായത്തുകളിലായി 413 വാർഡുകളുമാണ് ഇപ്പോൾ ജില്ലയിലുള്ളത്. ഇത് 450 ആകും.
തിരുനെല്ലി, എടവക, തവിഞ്ഞാൽ, പനമരം, തൊണ്ടർനാട്, വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്തുകളുമാണ് മാനന്തവാടി താലൂക്കിലുള്ളത്. 17 വാർഡുകളുള്ള തിരുനെല്ലിയിൽ നരിക്കൽ, മുള്ളൻകൊല്ലി വാർഡുകൾ വർധിച്ച് 19 വാർഡുകളായി മാറും. എടവക ഗ്രാമപഞ്ചായത്തിൽ 19 ൽനിന്ന് രണ്ടു വാർഡുകളുടെ വർധനയാണുണ്ടാകുക. വീട്ടിച്ചാൽ, പുതിയിടംകുന്ന് വാർഡുകളാണ് ഇവ. 22 വാർഡുകളുള്ള തവിഞ്ഞാലിൽ യവനാർകുളം വാർഡും 15 വാർഡുകളുള്ള തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ വളവിൽ, കുങ്കിച്ചിറ വാർഡുകളും അധികമായി വരും. പനമരത്ത് പരക്കുനി വാർഡാണ് പുതിയതായി വരിക.
ഇതോടെ വാർഡുകളുടെ എണ്ണം 24 ആയി വർധിക്കും. നെന്മേനി ഗ്രാമപ്പഞ്ചായത്തിൽ കുപ്പക്കൊല്ലി വാർഡ് വർധിച്ച് 24 വാർഡുകളാവും. 20 വാർഡുകളുള്ള പുൽപള്ളിയിൽ കളനാടിക്കൊല്ലി വാർഡ് വർധിച്ച് പഞ്ചായത്തിലെ മൊത്തം വാർഡുകളുടെ എണ്ണം 21 ആകും. 18 വാർഡുകളുള്ള മുള്ളൻകൊല്ലിയിൽ സുരഭിക്കവല വാർഡാണ് പുതിയതായി രൂപപ്പെടുക. 21 വാർഡുകളുള്ള വെള്ളമുണ്ടയിൽ പരിയാരമുക്ക്, കാപ്പുംകുന്ന്, മാനിയിൽ വാർഡുകളാണ് അധികമായി വരിക. ഇതോടെ പഞ്ചായത്തിൽ 24 വാർഡുകളായി ഉയരും. താഴത്തുവയൽ, സ്റ്റേഡിയം എന്നീവാർഡുകൾ വർധിച്ച് മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ വാർഡുകൾ 21 ആകും.
പൊഴുതനയിൽ വലിയപാറ, കളരിവീട്കുന്ന് വാർഡുകളും തരിയോടിൽ എച്ച്.എസ്. വാർഡും അധികമായി വരും.വെങ്ങപ്പള്ളിയിൽ മഞ്ഞിലേരി, വൈത്തിരിയിൽ പഴയ വൈത്തിരി, മൂപ്പൈനാടിൽ മാൻകുന്ന് എന്നിങ്ങനെ ഓരോ വാർഡുകൾ വീതമാണ് വർധിക്കുക. പഞ്ചായത്ത് വാർഡുകളുടെ അന്തിമപട്ടിക വന്നതിനുശേഷമേ ജില്ലപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും വർധിക്കുന്ന വാർഡുകളുടെ കരട് പ്രസിദ്ധീകരിക്കുകയുള്ളൂ. പഞ്ചായത്തുകളിലും നഗരസഭകളിലും പുതുതായി വരുന്ന വാർഡുകളുടെ കരട് ഡീലിമിറ്റേഷൻ കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതികൾ തീർപ്പാക്കാക്കിയ ശേഷമേ ആദ്യഘട്ട വാർഡ് പുനർവിഭജനത്തിന്റെ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുകയുള്ളൂ.
അതേസമയം, വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുമായി കോൺഗ്രസും സി.പി.എമ്മും വിവിധ പഞ്ചായത്തുകളിൽ രംഗത്തെത്തിയിട്ടുണ്ട്.
അമ്പലവയല്‍: ഗ്രാമപഞ്ചായത്തിലെ കരട് നിയോജക മണ്ഡല വിഭജന പട്ടിക പ്രസിദ്ധീകരിച്ചു. പൊതുജനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, അക്ഷയ കേന്ദ്രങ്ങള്‍, വായനശാലകള്‍, റേഷന്‍കടകള്‍ എന്നിവടങ്ങളില്‍ പട്ടിക പരിശോധനക്ക് ലഭിക്കും.
കരട് പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബര്‍ മൂന്നിനകം ഡിലിമിറ്റേഷന്‍ കമീഷന് സെക്രട്ടറി, ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ എന്നിവര്‍ക്ക് ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
തരിയോട്: ഗ്രാമപഞ്ചായത്തില്‍ നിയോജക മണ്ഡല വിഭജന പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടിക ഡിലിമിറ്റേഷന്‍ വെബ്സൈറ്റിലും പഞ്ചായത്ത് ഓഫിസ്, പഞ്ചായത്തിന് കീഴിലെ പൊതു സ്ഥാപനങ്ങളിലും പരിശോധനക്ക് ലഭിക്കും. കരട് പട്ടികയില്‍ ആക്ഷേപങ്ങളും നിര്‍ദേശങ്ങളും ഉള്ളവര്‍ ഡിസംബര്‍ മൂന്നിനകം നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.