കൽപറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരന്ത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക തയാറായി. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തയാറാക്കിയ പട്ടികയിൽ 500ലധികം കുടുംബങ്ങൾ ഉൾപ്പെട്ടതായാണ് വിവരം. ബുധനാഴ്ച ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ പട്ടിക അവതരിപ്പിച്ചു. 25ന് സർവകക്ഷി യോഗം ചേർന്ന് ലിസ്റ്റിന് അന്തിമരൂപം നൽകിയ ശേഷമായിരിക്കും ജില്ല ഭരണകൂടത്തിന് കൈമാറുക. ഇതിനായി വ്യാഴാഴ്ച തന്നെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് കരട് ലിസ്റ്റിന്റെ പകർപ്പ് നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു മാധ്യമത്തോട് പറഞ്ഞു.
ലിസ്റ്റിൽ പുതുതായി ചേർക്കേണ്ടവരുണ്ടെങ്കിൽ അവരെ കണ്ടെത്തുന്നതിനാണ് നേരത്തേ ലിസ്റ്റ് കൈമാറുന്നത്. പുഴയിൽനിന്ന് 30 മീറ്റർ ദൂര പരിധിക്കുള്ളിലുള്ളവരെ മാത്രം പുനരധിവാസ പട്ടികയിൽ ഉൾപെടുത്തിയുള്ള പഠനമാണ് ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നടത്തിയതെങ്കിലും ഗ്രാമപഞ്ചായത്ത് 50 മീറ്ററിനുള്ളിലുള്ള മുഴുവൻ കുടുംബങ്ങളെയും പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ട്. പാടികളിൽ താമസിക്കുന്നവരേയും പടവെട്ടിക്കുന്നിലുള്ള മുഴുവൻ കുടുംബങ്ങളേയും പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ട്. ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം മേപ്പാടി ഗ്രാമപഞ്ചായത്താണ് പട്ടിക തയാറാക്കിയത്. ആക്ഷേപങ്ങളും പരാതികളും പരിഹരിച്ച് അന്തിമ ലിസ്റ്റ് ഡിസംബര്‍ ആദ്യത്തോടെ പുറത്തിറക്കാനാണ് ആലോചന.
ദുരന്തബാധിതരുടെ ലിസ്റ്റ് തയാറാക്കാനായി പ്രത്യേകസംഘം നടത്താനിരുന്ന സര്‍വേ പ്രദേശവാസികൾ നേരത്തേ തടസ്സപ്പെടുത്തിയിരുന്നു. മുൻ തീരുമാനത്തിൽ നിന്ന് വ്യത്യസ്തമായി പുഴയിൽ നിന്ന് 30 ദൂര പരിധിയിലുള്ളവരെ മാത്രം പുനരധിവാസ ലിസ്റ്റിൽ ഉൾപെടുത്തിയുള്ള ഡോ. ജോണ്‍ മത്തായി കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദുരന്തബാധിതര്‍ സര്‍വേ നടപടികള്‍ തടഞ്ഞത്. ദുരന്തബാധിതരെ വിശ്വാസത്തിലെടുത്ത് സര്‍വേ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കും എന്നതിനാലാണ് പുനരുധിവസിപ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കാന്‍ ഗ്രാമപഞ്ചായത്തിനെ ചുമതലപ്പെടുത്തിയത്.
ഉരുൾപൊട്ടി മൂന്നര മാസം കഴിഞ്ഞിട്ടും ദുരന്ത ബാധിതരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പോലും തയാറാകാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഔദ്യോഗിക കണക്കു പ്രകാരം ഇതുവരെ 231 മൃതദേഹങ്ങളും 223 ശരീരഭാഗങ്ങളുമാണ് ദുരന്തമേഖലയില്‍നിന്നും മലപ്പുറം ചാലിയാര്‍ പുഴയില്‍നിന്നുമായി കണ്ടെത്തിയത്. 47 പേരെ ഇനിയും കണ്ടെത്താനുമുണ്ട്. കേന്ദ്ര സർക്കാർ ഫണ്ട് ലഭിക്കാത്തതും പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നിയമുക്കുരുക്കിൽ പെട്ട് അനിശ്ചിതത്ത്വത്തിലായതും ദുരന്തബാധിതരെ ആശങ്കയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.