കൽപറ്റ: വയനാട് ചുരത്തിലെ രൂക്ഷമായ യാത്രാക്ലേശത്തിന് പരിഹാരമായി തുരങ്കപാത നിർമാണവുമായി മുന്നോട്ട് പോവാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചുരത്തിലെ യാത്രക്ലേശത്തിന് പരിഹാരമായി ആക്ഷൻ കമ്മിറ്റിയടക്കം മുന്നോട്ടുവെക്കുന്ന ബൈപാസ് റോഡിനെ കുറിച്ചുള്ള ചോദ്യത്തിന് കൽപറ്റയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നോർവേയിൽ നിന്നുള്ള സംഘം ഇവിടെയെത്തി പരിശോധന നടത്തിയപ്പോൾ സംസ്ഥാനത്തെ ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ തുരങ്കപാത നിർമിക്കുന്നതോടെ, വയനാട്ടിലേക്ക് പെട്ടെന്ന് എത്തിപ്പെടാനും ടൂറിസം സാധ്യത വർധിപ്പിക്കാനും കഴിയും.
പാരിസ്ഥിതിക അനുമതി പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒന്നര വര്‍ഷത്തിനുള്ളില്‍ 246.18 കോടി രൂപയുടെ റോഡ് പ്രവൃത്തികളാണ് ജില്ലക്ക് അനുവദിച്ചത്. ജില്ലയിലെ മൂന്ന് റോഡുകളുടെ നവീകരണത്തിന് 78.50 ലക്ഷം രൂപയുടെ കൂടി ഭരണാനുമതി നല്‍കുന്നതായും മന്ത്രി പറഞ്ഞു. ദേശീയപാതയിലെ റോഡ് അറ്റകുറ്റപ്പണികള്‍ക്ക് - 38 ലക്ഷം, മേപ്പാടി ചൂരല്‍മല റോഡ് - 25 ലക്ഷം, മാനന്തവാടി-കല്‍പറ്റ റോഡ് - 15.50 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.
ജില്ലയിലൂടെ 67.4 കീലോമീറ്റര്‍ നീളത്തില്‍ കടന്നുപോകുന്ന മലയോര ഹൈവേയുടെ നാല് റീച്ചുകളായി നടക്കുന്ന നിർമാണ പ്രവൃത്തി സമയക്രമം നിശ്ചയിച്ച് പൂര്‍ത്തീകരിക്കും. വാളാട്-കുങ്കിച്ചിറ റോഡ് 30 ശതമാനം നിർമാണം പൂര്‍ത്തിയായി. നാലാം മൈല്‍-മാനന്തവാടി റോഡ് പൂർണമായും പൊളിച്ച് പുനര്‍നിർമിക്കും. ഇതിന്റെ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
മാനന്തവാടി-കൊയിലേരി-കൈതക്കല്‍ റോഡ് നവീകരണം 88 ശതമാനം പൂര്‍ത്തിയായി. സ്വകാര്യ വ്യക്തിയുടെ എതിര്‍പ്പ് മൂലം 30 മീറ്റര്‍ നീളത്തില്‍ നവീകരണം അവശേഷിക്കുന്നു. ഈ ഭാഗത്തെ ടാറിങ് പ്രവൃത്തികള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും. കല്‍പറ്റ-വാരാമ്പറ്റ റോഡിന്റയും ബീനാച്ചി പനമരം റോഡിന്റെയും അവസാനഘട്ട നിർമാണങ്ങള്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കും.
പനമരം-ബീനാച്ചി റോഡ് നവംബർ 30നകം ഗതാഗതയോഗ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. സുൽത്താൻ ബത്തേരി-താളൂര്‍ റോഡിലെ പ്രശ്‌നങ്ങളും പരിഹരിക്കും. പ്രവൃത്തി ഏറ്റെടുത്ത ശേഷം നിർമാണത്തില്‍ തുടര്‍ച്ചയായി അനാസ്ഥ കാണിക്കുന്ന കരാറുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും.
ഇത്തരക്കാര്‍ക്ക് സ്ഥിരം വിലക്ക് ഏര്‍പ്പെടുത്തും. ഇതിനായി പൊതുമരാമത്ത് മാന്വല്‍ ഭേദഗതി ചെയ്യുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുമരമാത്ത് വകുപ്പുതല ഉദ്യോഗസ്ഥരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.