കൽപറ്റ: ജില്ല കലക്ടറുടെ കാര്യാലയമാണ്, ഭരണസിരാകേന്ദ്രമാണ്. പക്ഷേ, കലക്ടറേറ്റിൽ വൃത്തിയും വെടിപ്പുമില്ല. ജനങ്ങളെ സർക്കാറിന്റെ ശുചിത്വപദ്ധതികളടക്കമറിയിക്കുന്ന കലക്ടറേറ്റാണ് ആദ്യം നന്നാക്കേണ്ടതെന്നാണ് പൊതുജനങ്ങളും ജീവനക്കാരും പറയുന്നത്. ശൗചാലയങ്ങളടക്കം ശോച്യായവസ്ഥയിൽ. ചുറ്റും മാലിന്യക്കൂമ്പാരങ്ങളും. പ്രധാന കെട്ടിടങ്ങളിൽ ജീവനക്കാർ ഉപയോഗിക്കുന്ന മിക്ക ശുചിമുറികൾക്കും വൃത്തിയില്ല. ചുമരിലെ കോൺക്രീറ്റുകൾ അടർന്നുവീഴുന്നത് നിത്യസംഭവം. ശുചിമുറിയുടെ ഭാഗത്തേക്ക് എത്തുന്നവർക്ക് മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാണ്. കെട്ടിടത്തിന്റെ പലഭാഗങ്ങളിലും ഉപയോഗം കഴിഞ്ഞ കസേരകളും മേശകളും മറ്റു വസ്തുക്കളും കൂട്ടിയിട്ടിരിക്കുകയാണ്.
സിവിൽ സ്റ്റേഷനിലെ പ്രധാന കെട്ടിടത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാനായി ആറു ശുചിമുറികളാണുള്ളത്. 1990ൽ നിർമിച്ച കെട്ടിടത്തിൽ സ്ഥല പരിമിതിയുണ്ട്. ഏറ്റവും ഒടുവിലായി നിർമിച്ച ജില്ല ആസൂത്രണ ഭവനിലെ ശുചിമുറികളുടെയും അവസ്ഥ പരിതാപകരമാണ്. അശാസ്ത്രീയമായ രൂപത്തിൽ ഇടുങ്ങി സ്ഥലസൗകര്യമില്ലാത്ത രീതിയിലാണ് ഇവിടത്തെ ശൗചാലയങ്ങളുള്ളത്. ശുചിമുറിയിലെ ടാപ്പുകളും മറ്റും കൃത്യമായി ശരിയാക്കുന്നുമില്ല. കാര്യാലയത്തിൽ താെഴ നിലയിലുള്ള സ്ത്രീകളുടെ ശുചി മുറിയിലേക്ക് പോവുന്ന വഴിയിൽ പഴയ തകരത്തിന്റെ അലമാരകളും ഉപയോഗ ശൂന്യമായ കസേര, മേശ ഉൾപ്പെടെ പല ആക്രി സാധനങ്ങളും കുന്നുകൂടിക്കിടക്കുകയാണ്.
ഇത് ശൗചാലയങ്ങളിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്നു. ജില്ല സപ്ലൈകോ, മോട്ടോർ വാഹന വകുപ്പടക്കമുള്ള പല ഓഫിസ് ജീവനക്കാരും പൊതുജനങ്ങളും ഉപയോഗിക്കുന്ന ശൗചാലയങ്ങൾ മിക്കതും ദയനീയ സ്ഥിതിയിലാണ്.
പലയിടത്തും വെളിച്ചമില്ല. മഴക്കാലത്ത് ചോർച്ചയുണ്ട്. പലപ്പോഴും കക്കൂസ് മാലിന്യങ്ങൾ കെട്ടി ക്കിടക്കുന്നതായും ജീവനക്കാരും പൊതുജനങ്ങളും പറയുന്നു. രണ്ടാം നിലായിലാണ് ചുവരിൽനിന്ന് കോൺക്രീറ്റ് കഷ്ണങ്ങൾ അടർന്നു വീഴുന്നത്. ‘കോൺക്രീറ്റ് അടർന്നു വീഴാൻ സാധ്യതയുണ്ട്, പേടി വേണ്ട ജാഗ്രത മതി’ എന്നെഴുതിയ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. പലയിടങ്ങളിലും ഇത്തരത്തിൽ കോൺക്രീറ്റ് അടർന്നു വീഴുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.