കൽപറ്റ: വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍വഹണ പുരോഗതി ജില്ല ആസൂത്രണ ഭവനില്‍ ചേര്‍ന്ന വികസന സമിതി യോഗം അവലോകനം ചെയ്തു. വാര്‍ഷിക പദ്ധതി വിഹിതത്തിന്റെ 68.85 ശതമാനമാണ് നിലവിലെ നിര്‍വഹണച്ചെലവ്. തുക ചെലവിടുന്നതില്‍ അമ്പത് ശതമാനത്തില്‍ താഴെ നില്‍ക്കുന്ന വകുപ്പുകള്‍ പദ്ധതി നിര്‍വഹണത്തില്‍ പ്രത്യേകം ശ്രദ്ധനല്‍കണമെന്ന് യോഗം നിര്‍ദേശിച്ചു.
എം.എല്‍.എ എസ്.ഡി.എഫ്/ എ.ഡി.എഫ് ഫണ്ടുകളില്‍ അനുവദിച്ച പ്രവൃത്തികളുടെ നിര്‍വഹണവും വേഗത്തിലാക്കണം. ഭരണാനുമതി ലഭിച്ചിട്ടില്ലാത്തവയില്‍ എസ്റ്റിമേറ്റും അനുബന്ധ രേഖകളും അടിയന്തരമായി എ.ഡി.സി ജനറലിന് ലഭ്യമാക്കാനും നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് വികസന സമിതി യോഗം നിര്‍ദേശം നല്‍കി.
പി.എം.എ.ജെ.എ.വൈ പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ 98 ലക്ഷം രൂപയുടെ മൂന്ന് പ്രപ്പോസലുകള്‍ ലഭിച്ചതായി പട്ടിക ജാതി വികസന ഓഫിസര്‍ അറിയിച്ചു. എസ്.സി.പി ഫണ്ടുമായി യോജിപ്പിച്ച് പദ്ധതി നടപ്പാക്കാന്‍ സാധിക്കുമോയെന്ന കാര്യം പരിഗണിക്കാന്‍ ഡയറക്ടറേറ്റിലേക്ക് കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
കൊമ്മഞ്ചേരി കാട്ടുനായ്ക്ക കോളനികളിലെ കുടുംബങ്ങളെയും മല്ലികപ്പാറ കോളനിയിലെ ആറ് കുടുംബങ്ങളെയും പുനരധിവസിപ്പിക്കുന്നതിനുളള ഭൂമി കണ്ടെത്താന്‍ വനം വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. പട്ടികവര്‍ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരമൊരുക്കുന്ന എ.ബി.സി.ഡി ക്യാമ്പില്‍ മറ്റ് ഉദ്യോഗസ്ഥരുടെ കൂടി സാന്നിധ്യം പ്രതീക്ഷിക്കുന്നതായി ജില്ല കലക്ടര്‍ പറഞ്ഞു.
എ.പി.ജെ ഹാളില്‍ ചേര്‍ന്ന വികസന സമിതി യോഗത്തില്‍ ജില്ല കലക്ടര്‍ എ. ഗീത അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ, ജില്ല പ്ലാനിങ് ഓഫിസര്‍ ആര്‍. മണിലാല്‍, എം.പി പ്രതിനിധി കെ.എല്‍. പൗലോസ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
എന്‍.ഡി.പി.എസ് നിയമവുമായി ബന്ധപ്പെട്ട് ഒക്‌ടോബര്‍ 31 വരെയുളള പത്ത് മാസ കാലയളവില്‍ ജില്ലയില്‍ 293 കേസുകളിലായി 294 പ്രതികളെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ അറിയിച്ചു. 203.901 കിലോഗ്രാം കഞ്ചാവും 1.620 കിലോഗ്രാം എം.ഡി.എം.എയും 115.5 കിലോഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി വസ്തുക്കള്‍ കടത്താനുപയോഗിച്ച 26 വാഹനങ്ങളും ഇക്കാലയളവില്‍ പിടിച്ചെടുത്തെന്നും അധികൃതര്‍ വികസന സമിതി യോഗത്തില്‍ അറിയിച്ചു.
കണിയാമ്പറ്റ പ്രദേശത്ത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരം കൈമാറിയ വ്യക്തിയുടെ വിവരങ്ങള്‍ എക്‌സൈസ് വകുപ്പില്‍ നിന്ന് ചോര്‍ത്തി നല്‍കിയ വിഷയത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി സ്ഥലം മാറ്റിയതായി എക്‌സൈസ് വകുപ്പ് അറിയിച്ചു.
ഉദ്യോഗസ്ഥനെതിരെ കമീഷണറേറ്റ് തലത്തിലും അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത്നിന്ന് മോശം പെരുമാറ്റം ഉണ്ടാകുന്നതായുളള പരാതിയില്‍ ഇത്തരം സംഭവം ശ്രദ്ധയിൽപെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി യോഗത്തെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.