കൽപറ്റ: ഉരുൾ ദുരന്തം നടന്ന് രണ്ടു മാസം പിന്നിടുമ്പോഴും അതിജീവിതർക്കുള്ള പല ആനുകൂല്യങ്ങളും ഇനിയും പൂർണമായും നൽകാൻ സർക്കാറിനായിട്ടില്ലെന്ന് മുസ്ലിം ലീഗ് മേപ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി ഹംസ, ജന. സെക്രട്ടറി പി.കെ അശ്റഫ്, ഗ്രാമപഞ്ചായത്ത് അംഗം ബി. നാസര്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ആനുകൂല്യങ്ങൾ നൽകാനുള്ള ചുമതല റവന്യൂ വകുപ്പിനാണ്. എന്നാൽ, മേപ്പാടി പഞ്ചായത്തിനെ കുറ്റപ്പെടുത്തി സി.പി.എം കള്ളപ്രചാരണം നടത്തുകയാണ്. ദുരന്തബാധിതര്‍ക്ക് പ്രഖ്യാപിച്ച 10,000 രൂപ ഇനിയും 250ലധികം കുടുംബങ്ങള്‍ക്ക് ലഭിക്കാനുണ്ട്. വെള്ളരിമല വില്ലേജിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും അടിയന്തര ധനസഹായം നൽകണം.
ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്ക് ദിനംപ്രതി 300 രൂപ വീതം ധനസഹായവും നിരവധിപേർക്ക് കിട്ടാനുണ്ട്. ഇത് അര്‍ഹരായ എല്ലാ കുടുംബങ്ങള്‍ക്കും ലഭ്യമാക്കണം. വാടക വീടുകളിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറ്റിയവര്‍ക്ക് പ്രതിമാസം 6000 രൂപ വാടക നല്‍കുമെന്നതും ചിലര്‍ക്ക് മാത്രമാണ് കിട്ടിയത്. ടൗണ്‍ഷിപ്പിനെ സംബന്ധിച്ചോ സ്ഥിരം പുനരധിവാസം സംബന്ധിച്ചോ കൃത്യമായ നടപടികളായിട്ടില്ല. ഇതിനാൽ മുസ്ലിം ലീഗ് അടക്കം വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച വീടുകള്‍ നിർമിക്കുന്നതിന് തടസ്സമുണ്ട്.
കാണാതായവർക്കുള്ള തിരച്ചില്‍ ആഗസ്റ്റ് 15ന് ശേഷം കാര്യമായി നടന്നിട്ടില്ല. ഇനിയും 47 പേരെ കണ്ടെത്താനുണ്ട്. തിരച്ചില്‍ പുനരാരംഭിക്കണം.
അല്ലെങ്കില്‍ കാണാതായവർ മരിച്ചതായി കണക്കാക്കി അവര്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ച് കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ നടത്തും. ആദ്യഘട്ടമെന്ന നിലയിൽ മേപ്പാടി ടൗണിൽ പൊതുയോഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.