കൽപറ്റ: കർണാടക അതിർത്തി ഗ്രാമങ്ങളിലെത്തുന്ന കാട്ടാനകൾ വ്യാപകമായി വിളകൾ നശിപ്പിക്കാൻ തുടങ്ങിയതോടെ നെൽകർഷകർ പ്രതിസന്ധിയിൽ. തൂക്കുവേലി തകര്‍ത്താണ് കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങുന്നത്. കര്‍ണാടക വനത്തില്‍ നിന്നിറങ്ങുന്ന കാട്ടാനകൾ കൊളവള്ളി, പെരിക്കല്ലൂർ ഭാഗങ്ങളിലെ വയലുകളിലെത്തി നെൽകൃഷി വ്യാപകമായി നശിപ്പിക്കുകയാണ്.
കര്‍ണാടകയിലെ ബന്ദിപ്പൂര്‍, നാഗര്‍ഹോള വനമേഖലകളില്‍ വരള്‍ച്ച രൂക്ഷമായതോടെയാണ് തീറ്റയും വെള്ളവും തേടി കാട്ടാനകൾ കബനി പുഴയിലെത്തുന്നത്. സന്ധ്യയാകുന്നതോടെ കബനി നദിയിലുടെ കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടാനകൾ നേരം പുലരുന്നത് വരെ കൃഷിയിടത്തിൽ താണ്ഡവമാടുകയാണ്.
ഒരു വര്‍ഷം മുമ്പാണ് എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് കൊളവള്ളി മുതല്‍ പെരിക്കല്ലൂര്‍ കടവ് വരെയുള്ള ഭാഗത്ത് കര്‍ണാടക മോഡല്‍ മാതൃക തുക്കുവേലി നിര്‍മിച്ചത്. പുഴയോരത്തുള്ള വേലിയില്‍ കാര്യമായ വൈദ്യുതി പ്രവാഹമില്ല.
മീന്‍ പിടിക്കാനും തോട്ടയിടാനുമായി പുഴയിലിറങ്ങുന്നവര്‍ വേലിക്കമ്പികള്‍ കെട്ടിയിടുന്നതു മൂലം വൈദ്യുതി പ്രവാഹം തടസ്സപ്പെടുന്നതാണ് കാരണം.
വൈദ്യുതി പ്രവാഹമില്ലാതായാല് വേലി തകർത്താണ് കാട്ടാന കൃഷിയിടത്തിലെത്തുന്നത്. മരക്കടവ്, കൊളവള്ളി, വരവൂര്‍ ഭാഗങ്ങളിൽ പാടത്ത് കര്‍ഷകര്‍ പുഞ്ചകൃഷിയിറക്കിയിരുന്നു. ചക്ക സീസണായതോടെ ആനയുടെ വരവ് വർധിച്ചിട്ടുണ്ട്. തോട്ടങ്ങളിലെ വാഴ, കപ്പ കൃഷികളും കാട്ടാന നശിപ്പിക്കുകയാണ്. തൂക്കുവേലി പുനഃസ്ഥാപിച്ച് കാട്ടാനകളെ തുരത്താൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പുൽപള്ളി: പള്ളിച്ചിറയിൽ കാട്ടാനയിറങ്ങി വ്യാപകമായി വാഴകൃഷി നശിപ്പിച്ചു. കൈനിക്കുടി ബേബിയുടെ തോട്ടത്തിലെ നിരവധി വാഴകളാണ് ആന നശിപ്പിച്ചത്.
സമീപത്തെ വനത്തിൽ നിന്നിറങ്ങിയ ആന ഫെൻസിങ് തകർത്താണ് കൃഷിയിടത്തിലെത്തിയത്. വനാതിർത്തി പ്രദേശമായതിനാൽ ഇവിടെ വന്യജീവി ശല്യം രൂക്ഷമാണ്. മതിയായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാത്തതാണ് വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങാൻ കാരണം.
കാട്ടുപന്നി ശല്യവും ഇവിടെ രൂക്ഷമാണ്. കഴിഞ്ഞ ദിവസം കാൽനടക്കാരനുനേരെ കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണവുമുണ്ടായി. ഭാഗ്യത്തിനാണ് ഇയാൾ രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.