കൽപറ്റ: വയനാട്ടിൽ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോഴും ശാശ്വത പരിഹാരം കാണാതെ അധികൃതർ. എട്ടരലക്ഷം ജനങ്ങളുള്ള ജില്ലയിൽ വന്യജീവി ആക്രമണം നടക്കാത്ത ദിവസങ്ങളില്ല. ഏറ്റവും ഒടുവിൽ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ പയ്യമ്പള്ളി ചാലിഗദ്ദ പനിച്ചിയില്‍ അജീഷാണ് ശനിയാഴ്ച രാവിലെ കൊല്ലപ്പെട്ടത്. കാട്ടാനയും കടുവയും കരടിയും പുലിയുമെല്ലാം ദിനേന ജനവാസ കേന്ദ്രങ്ങളിലെത്തി കൊലവിളി നടത്തുമ്പോഴും പരിഹാരം കണ്ടെത്താനോ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാനോ സർക്കാർ സംവിധാനങ്ങൾ തയാറാവാത്തതാണ് കടുത്ത പ്രതിഷേധത്തിനിടയാക്കുന്നത്.
43 വർഷത്തിനിടെ വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 152 പേരെന്നാണ് കണക്കുകൾ. ഇതിൽ 53 പേരുടെയും ജീവനെടുത്തത് കഴിഞ്ഞ 10 വർഷത്തിനിടെയാണെന്നത് വന്യജീവി ആക്രമണങ്ങൾ വർധിച്ചുവെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
53ൽ 43 പേരുടെയും ജീവൻ നഷ്ടപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലാണ്. കടുവ ഏഴും കാട്ടുപോത്ത് രണ്ടും ആളുകളെ കൊന്നു. കാട്ടുപന്നി ഒരാളെ വകവരുത്തി. ഈ വർഷം 13 ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ജനുവരി 29ന് തോൽപ്പെട്ടി നരിക്കല്ലിൽ തോട്ടം കാവൽക്കാരനായിരുന്ന ലക്ഷ്മണനാണ് മരിച്ചത്. ഈ വർഷം മരണപ്പെടുന്ന രണ്ടാമത്തെ ആളാണ് അജീഷ്.
കഴിഞ്ഞ വർഷം കാട്ടാനയുടെ ആക്രമണത്തിൽ അവസാനം കൊല്ലപ്പെട്ടത് സെപ്റ്റംബർ 12ന് വെള്ളമുണ്ട പുളിഞ്ഞാല്‍ നെല്ലിയാനിക്കോട്ട് തങ്കച്ചന് എന്ന വനം വാച്ചറായിരുന്നു. കഴിഞ്ഞ ഏഴു വർഷത്തിനിടെ മേപ്പാടിയിൽ മാത്രം വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴുപേരാണ്. അഞ്ചു വർഷത്തിനിടെ 540 പേർ സംസ്ഥാനത്ത് കൊല്ലപ്പെട്ടു. ഇതിൽ നല്ലൊരു ശതമാനവും കാട്ടാന ആക്രമണത്തിലാണ്. അയ്യായിരത്തിലധികം ആളുകൾക്ക് ഇക്കാലയളവിൽ മാത്രം പരിക്കേറ്റിട്ടുമുണ്ട്.
ഓരോ വർഷവും വന്യജീവികളെ പ്രതിരോധിക്കുന്നതിന് കോടികൾ ചെലവഴിക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. കോടികളുടെ കാർഷിക വിളകളാണ് ഒരോ വർഷവും നശിപ്പിക്കുന്നത്. കിടങ്ങുകളും വേലികളും തകർന്നതുകാരണം കൂടുതൽ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നു. വനാതിര്‍ത്തികളില്‍ താമസിക്കുന്നവരുടേതുൾപ്പെടെ നൂറുകണക്കിന് വീടുകളാണ് വന്യമൃഗങ്ങൾ തകർത്തത്. വളർത്തു മൃഗങ്ങളെയടക്കം കൊന്നൊടുക്കുകയും ചെയ്യുന്നു.
ഇതിനാവട്ടെ പലപ്പോഴും ന്യായമായ നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ല. വന്യജീവികളുടെ എണ്ണം നാൾക്കുനാൾ വർധിച്ച് ഇവയുടെ ആവാസ വ്യവസ്ഥ തകിടം മറിയുന്നതാണ് ഇവ ജനവാസ മേഖലയിൽ ഇറങ്ങാൻ കാരണമെന്നും ഇത് പരിഹരിക്കാനുള്ള നടപടികൾ വേണമെന്നുമുള്ള ഏറെ നാളത്തെ ആവശ്യത്തിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പുറംതിരിഞ്ഞു നിൽക്കുകയാണ്. വയനാട് മേഖലയില്‍ വന്യജീവികളുടെ എണ്ണം വർധിച്ചതായി കണക്കെടുപ്പിൽ വ്യക്തമായെന്നും ഇതാണ് ആക്രമണത്തിന് ഒരു കാരണമെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന് നിയമസഭയിൽ പറഞ്ഞിട്ട് ദിവസങ്ങളായിട്ടില്ല.
രണ്ടുവര്‍ഷം മുമ്പ് വനം വകുപ്പ് നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രതിരോധ സംവിധാനത്തിന് സംസ്ഥാന സർക്കാർ 620 കോടി രൂപ ചെലവുവരുന്ന പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും നിരസിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും പൂര്‍ണ സംരക്ഷണം ഉറപ്പുവരുത്തുംവിധം 1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം നാളുകളായി ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും പരിഹാരമുണ്ടാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.