കൽപറ്റ: ജില്ലയിലെ ജനവാസ മേഖലകളില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രദേശവാസികളുടെ സഹകരണം ആവശ്യമാണെന്ന് ജില്ല കലക്ടര്‍ ഡോ. രേണു രാജ്. വിഷയവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
ഇത്തരം പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥര്‍ കൃത്യനിര്വഹണത്തിനെത്തുമ്പോള് ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്നും ജോലിക്കെത്തുന്ന ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. മൂടക്കൊല്ലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരുകൂട്ടം ആളുകള്‍ മോശമായ നിലപാടാണ് സ്വീകരിക്കുന്നത്. കാമറകള്‍ സ്ഥാപിക്കുന്നതിന് തടസ്സം നില്‍ക്കുകയാണ്.
വനിത ജീവനക്കാരോട് മോശം ഭാഷയിലാണ് സംസാരിക്കുന്നത്. ഇത്തരം പ്രദേശങ്ങളില്‍ ജോലി ചെയ്യാവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. വളരെ ആസൂത്രിതമായി ഒരു ചെറിയ വിഭാഗമാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്ന് സര്‍വകക്ഷിയോഗം വ്യക്തമാക്കി. സർവകക്ഷി യോഗത്തിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ എ.ഡി.എം എന്‍.ഐ. ഷാജു, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.