വന്യജീവി ശല്യം; ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയാൽ നടപടി
text_fieldsകൽപറ്റ: ജില്ലയിലെ ജനവാസ മേഖലകളില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രദേശവാസികളുടെ സഹകരണം ആവശ്യമാണെന്ന് ജില്ല കലക്ടര്‍ ഡോ. രേണു രാജ്. വിഷയവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
ഇത്തരം പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥര്‍ കൃത്യനിര്വഹണത്തിനെത്തുമ്പോള് ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്നും ജോലിക്കെത്തുന്ന ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. മൂടക്കൊല്ലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരുകൂട്ടം ആളുകള്‍ മോശമായ നിലപാടാണ് സ്വീകരിക്കുന്നത്. കാമറകള്‍ സ്ഥാപിക്കുന്നതിന് തടസ്സം നില്‍ക്കുകയാണ്.
വനിത ജീവനക്കാരോട് മോശം ഭാഷയിലാണ് സംസാരിക്കുന്നത്. ഇത്തരം പ്രദേശങ്ങളില്‍ ജോലി ചെയ്യാവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. വളരെ ആസൂത്രിതമായി ഒരു ചെറിയ വിഭാഗമാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്ന് സര്‍വകക്ഷിയോഗം വ്യക്തമാക്കി. സർവകക്ഷി യോഗത്തിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ എ.ഡി.എം എന്‍.ഐ. ഷാജു, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
യോഗത്തിലെ മറ്റു നിർദേശങ്ങൾ
- ജില്ലയിലെ വന്യജീവി ശല്യവുമായി ബന്ധപ്പെട്ട് സ്പെഷല്‍ ഓഫിസര്‍ തയാറാക്കിയ മാസ്റ്റര്‍പ്ലാന്‍ വനം മന്ത്രിയുടെയും ജില്ലയിലെ എം.എല്‍.എമാരുടെയും സാന്നിധ്യത്തില്‍ സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്യണം.
- കാടും നാടും വേര്‍തിരിക്കുന്നതിനുള്ള നടപടി ആവിഷ്കരിക്കണം.
- വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം നല്‍കുന്നതിന് കാലതാമസം ഒഴിവാക്കുന്നതിനും ആഘാതം കണക്കാക്കി നഷ്ടപരിഹാരം നല്‍കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഒരു ട്രൈബ്യൂണല്‍ കൊണ്ടുവരുന്ന കാര്യം ആലോചിക്കണം.
- വന്യമൃഗശല്യം നേരിടുന്ന പ്രദേശത്ത് കന്മതില്, ടൈഗര്‍ നെറ്റ്, ഫെന്‍സിങ് തുടങ്ങിയവ സ്ഥാപിക്കണം.
- വനത്തോട് ചേര്‍ന്നുകിടക്കുന്ന സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലെ കാടുകള്‍ വെട്ടിത്തെളിക്കാന്‍ നടപടി സ്വീകരിക്കണം.
- വനാതിര്‍ത്തികളിലും വനത്തിനുള്ളിലുമുള്ള പട്ടയ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളിലെ രാത്രി ആഘോഷങ്ങള്‍ മൃഗങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. ഇതിന് നിയന്ത്രണം കൊണ്ടുവരണം.
- വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് ജനപ്രതിഷേധം ഉണ്ടാകുന്നതിനു മുമ്പുതന്നെ നടപടി സ്വീകരിക്കണം. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഒരുവിധത്തിലും പ്രശ്ന പരിഹാരമുണ്ടാവില്ല.
- വന്യജീവിശല്യ പരിഹാരത്തിന് മറ്റു രാജ്യങ്ങളിലുള്ള നിയമങ്ങള്‍ പഠിച്ച് നിയമങ്ങളില്‍ വ്യത്യാസം വരുത്തണം.
- സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് കാലഹരണപ്പെട്ട നിയമങ്ങളില്‍ മാറ്റമുണ്ടാകണം.
- നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വിട്ടുവീഴ്ച ഉണ്ടാകാന്‍ പാടില്ലെന്നും സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ നടത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.