കൽപറ്റ: വയനാടൻ ഗോത്രസമുദായത്തിന്റെ ആചാരങ്ങളിലും വിശ്വാസങ്ങളിലും ദൈനംദിന ജീവിതത്തിലും സുപ്രധാന പങ്കുവഹിച്ചിരുന്ന ജലസംരക്ഷണ മാതൃകയായ ‘കേണി’കൾ കാണാക്കാഴ്ചയാകുന്നു. കേണിയെന്നാൽ കിണർ എന്നാണർഥം. വയലുകളോട് ചേർന്ന സ്ഥലങ്ങളിൽ പ്രകൃതിയിൽനിന്ന് മുളപൊട്ടിയ ഉറവകളിലേക്ക് ഉള്ളു തുരന്ന മരത്തടികൾ താഴ്ത്തിയാണ് കേണി രൂപപ്പെടുത്തുന്നത്. പന, ആഞ്ഞിലി പ്ലാവ് എന്നീ മരങ്ങളുടെ തടികളാണ് ഇതിനായി ഉപയോഗിക്കുക.
അടിയിൽ മണലും മറ്റും ഇടും. വേനലിലും ഒട്ടും വറ്റാത്ത ഉറവകൾ സമ്മാനിക്കും ഈ കേണികൾ. ഏത് കാലാവസ്ഥയിലും നല്ല തെളിഞ്ഞ വെള്ളമാണ് കേണിയിൽ കാണുക. കൃഷി ഉപജീവനമാക്കിയ ആദിവാസികളാണ് കേണി സമ്പ്രദായം തുടങ്ങിയതും നിലനിർത്തുന്നതും. 500 വർഷം വരെ പഴക്കമുള്ള കേണികളുണ്ടെന്നാണ് പഴമക്കാർ പറയുന്നത്.
കുടിവെള്ളം കിട്ടാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ സാങ്കേതികമാർഗം ഉപയോഗിച്ചാണ് കേണി നിർമിച്ചിരുന്നത്. മുമ്പ് കുറിച്യ-കുറുമ സമുദായത്തിന്റെ ഒരുദിവസം തുടങ്ങുന്നതുതന്നെ കേണിയിൽനിന്നുള്ള വെള്ളം എടുത്ത് ഉപയോഗിച്ചാണ്. ഇതിൽനിന്നുള്ള വെള്ളമാണ് ഭക്ഷണത്തിനും കുടിക്കാനും ഉപയോഗിച്ചിരുന്നത്.
പവിത്രമായി കരുതുന്ന ഈ വെള്ളമാണ് ആരാധന ആവശ്യങ്ങൾക്കും ഉപയോഗിക്കുക. കുഞ്ഞു ജനിച്ചാൽ വായിൽ ഉറ്റിക്കുന്ന ആദ്യജലവും മരണാനന്തര ചടങ്ങുകൾ, വിവാഹ ചടങ്ങുകൾ എന്നിവക്കെല്ലാം കേണിയിലെ വെള്ളം നിർബന്ധം. എന്നാൽ, കാലം മാറിയതോടെ ഭൂരിഭാഗം പേരും കേണിയെ തഴഞ്ഞു.
കൂടാതെ കാലാവസ്ഥ മാറ്റവും മഴ കുറഞ്ഞതും വയലുകൾ ഇല്ലാതായതും കേണികളുടെ നിലനിൽപിന് ഭീഷണിയായി. പുതുതലമുറകൾക്ക് കേണികളിൽ വിശ്വാസമില്ലാത്തതും ഇതിന്റെ നാശത്തിന് മറ്റൊരുകാരണമായി. മരത്തടികൾക്ക് പകരം കോൺക്രീറ്റ് റിങ് ഇറക്കാൻ ശ്രമിച്ചതും ഉറവകൾ ഇല്ലാതാക്കി. മുമ്പ് നൂറുകണക്കിന് കേണികൾ വയനാട്ടിലുണ്ടായിരുന്നു. എന്നാൽ, വിരലിൽ എണ്ണാവുന്ന കേണികൾ മാത്രമാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.