മേപ്പാടി: ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച, പതിറ്റാണ്ടുകൾ പഴക്കമുള്ള കുടുസ്സുമുറികളുള്ള കെട്ടിടത്തിെൻറ സ്ഥാനത്ത് 1350 ചതുരശ്ര അടിയിൽ നവീന മാതൃകയിലുള്ള കോട്ടപ്പടി വില്ലേജ് ഓഫിസ് കെട്ടിടം പൂർത്തിയാകുന്നു. പഴയ കെട്ടിടം പൊളിച്ചുമാറ്റി അതേ സ്ഥാനത്താണ് പുതിയ കെട്ടിടം നിർമിച്ചത്. ഇതോടെ ജില്ലയിലെ അഞ്ചാമത്തെ സ്മാർട്ട് വില്ലേജ് ഓഫിസായി കോട്ടപ്പടി വില്ലേജ് ഓഫിസ് മാറും. 35 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം നിർമിച്ചത്.
ജി.എസ്.ടി, മറ്റ് നികുതികൾ എല്ലാം ചേർന്നാൽ 44 ലക്ഷം ചെലവ് വരും. ആധുനിക സൗകര്യങ്ങളോടെ പൂർണമായും കമ്പ്യൂട്ടർവത്കരിച്ചായിരിക്കും തുടർന്നുള്ള ഓഫിസിെൻറ പ്രവർത്തനം. പഴകിയ അലമാരകളിൽ പൊടിപിടിച്ച് കിടന്ന ഫയലുകൾ എല്ലാം കമ്പ്യൂട്ടറിലേക്ക് മാറ്റും. ജില്ല നിർമിതി കേന്ദ്രമാണ് കെട്ടിടത്തിെൻറ പ്രവൃത്തി ഏറ്റെടുത്ത് നടത്തിയത്. നൂതന രീതിയിൽ പണി കഴിപ്പിച്ച ഏഴു മുറികളുള്ളതാണ് ഓഫിസ് കെട്ടിടം.
തറ പൂർണമായും ഗ്രാനൈറ്റ് വിരിച്ചതാണ്. ഫർണിച്ചറും നിർമിതി കേന്ദ്രയാണ് ക്രമീകരിക്കുന്നത്. നവീന രീതിയിയിലുള്ള വയറിങ്, ലൈറ്റ് സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. മുറ്റത്ത് ചതുരക്കല്ലുകൾ പതിക്കുന്നുണ്ട്.
ചുറ്റുമതിലും പ്രവേശന കവാടവും ഉണ്ടാകും. പൊതു ജനങ്ങൾക്കടക്കം ഉപയോഗിക്കാനുള്ള ടോയ്ലറ്റുകളുണ്ട്. മുറ്റത്ത് മണ്ണിനടിയിലാണ് വാട്ടർ ടാങ്ക് നിർമിച്ചിരിക്കുന്നത്. കെട്ടിടത്തിനുള്ളിലെ അവസാനഘട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. ചെറുകാട്ടൂർ, കുപ്പാടി, കൽപറ്റ, മാനന്തവാടി എന്നിവിടങ്ങളിലാണ് നിലവിൽ സ്മാർട്ട് വില്ലേജ് ഓഫിസുകളുള്ളത്.
പഴയ കെട്ടിടം പൊളിച്ചതിനാൽ ഒരു വർഷത്തിലേറെയായി ചൂരൽമല റോഡിൽ വാടകക്കെട്ടിടത്തിലാണിപ്പോൾ വില്ലേജ് ഓഫിസിെൻറ പ്രവർത്തനം. സർക്കാറിെൻറ നൂറുദിന കർമപദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ളതിനാൽ ജൂലൈ അവസാനമോ ആഗസ്റ്റിലോ ഉദ്ഘാടനം നടന്നേക്കും. അതിന് മുമ്പായി അവസാനവട്ട പ്രവൃത്തികളും പൂർത്തിയാക്കുമെന്ന് നിർമിതി കേന്ദ്ര പ്രോജക്ട് മാനേജർ സാജിത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.