പുൽപള്ളി: വേലിയമ്പം പെരുമുണ്ടയിൽ ഇറിഗേഷൻ വകുപ്പ് വർഷങ്ങൾക്കു മുമ്പ് നിർമിച്ച ചെക്ക്ഡാമിന്റെ കനാലും വഴിയും സ്വകാര്യ വ്യക്തി കൈയേറി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതായി പരാതി. ഇതു സംബന്ധിച്ച് കർഷകർ ജലസേചന വകുപ്പ് അധികൃതർക്കടക്കം പരാതി നൽകി.
നൂറിൽപരം കർഷകർ പെരുമുണ്ട പ്രദേശത്ത് നെൽകൃഷിയടക്കം ചെയ്തുവരുന്നുണ്ട്. പാടത്ത് ജലസേചനം നടത്തുന്നതിനായി ഇറിഗേഷൻ വകുപ്പ് 40 വർഷം മുമ്പ് രണ്ട് ചെക്ക്ഡാമുകൾ നിർമിച്ചിരുന്നു. ഇതിന്റെ കനാലുകൾക്ക് ആവശ്യമായ സ്ഥലം കൃഷിക്കാർ വിട്ടുനൽകിയതാണ്. സമീപകാലത്ത് നെൽവയൽ വാങ്ങിയയാൾ വഴിയും കനാലും കൈവശപ്പെടുത്തി മതിൽ കെട്ടുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി. കനാലിനുമുകളിൽ മതിൽകെട്ടുകയും ചെയ്യുന്നുണ്ട്. ഈ വഴിയിലൂടെയായിരുന്നു പ്രദേശത്തെ കർഷകർ പാടശേഖരത്തേക്ക് പൊയ്ക്കൊണ്ടിരുന്നത്. കനാലിലെ വെള്ളം മറ്റ് ഭാഗങ്ങളിലേക്ക് കൃഷിക്ക് നൽകാതെ സ്വകാര്യ വ്യക്തിയുടെ വയലിൽ വലിയ കുളം നിർമിച്ച് രണ്ട് സ്ഥലത്തായി കനാൽ തുരന്ന് കുളത്തിലേക്ക് വെള്ളം തിരിച്ചുവിട്ടിട്ടുമുണ്ട്.
ഇതിനോട് ചേർന്ന് ഒരു പമ്പ് ഹൗസുമുണ്ട്. ഇതും ഇവരുടെ അധീനതയിലാക്കിയതായാണ് കർഷകർ പറയുന്നത്. പെരുമുണ്ട തോടിനോട് ചേർന്നാണ് മതിൽ കെട്ടാൻ ശ്രമിക്കുന്നത്. സമീപത്തെ കോളനിവാസികൾ ഉപയോഗിക്കുന്ന വഴിയാണിത്. മഴക്കാലത്ത് തോട്ടിൽ വെള്ളം ഉയർന്നാൽ ഈ വഴി നടക്കാൻപോലും പറ്റാത്ത രീതിയിലാണ് നിർമാണ പ്രവർത്തനങ്ങളെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.