മാനന്തവാടി: ബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ചിട്ട് കെ.എസ്.ആർ.ടി.സി ബസ് നിർത്താതെ പോയതായി പരാതി. മാനന്തവാടി പരിയാരം കുന്ന് സ്വദേശിയായ കട്ടകയം വിനുവിന്റെ മകൻ ഡെറിനാണ് (19) അപകടത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 10.45 ഓടെ മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലാണ് സംഭവം.
നാലാം മൈലിൽനിന്ന് മാനന്തവാടിയിലെക്ക് വരുന്ന ഡെറിൻ സഞ്ചരിച്ച ബൈക്കിനെയാണ് കോഴിക്കോട് ഭാഗത്ത് നിന്നും മാനന്തവാടിയിലേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തെറിപ്പിച്ചത്. നിർത്താതെ പോയ ബസിനെ അതുവഴി വന്ന മറ്റൊരു ബൈക്ക് യാത്രികൻ പിന്തുടർന്ന് അപകട വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ആശുപത്രിയിൽ എത്താമെന്ന മറുപടിയോടെ ബസ് മാനന്തവാടിയിലേക്ക് യാത്ര തുടരുകയായിരുന്നു.
പിന്നീട് കുട്ടിയുടെ ബന്ധുകൾ കുട്ടിയെയും കൂട്ടി ആശുപത്രിയിൽ എത്തുകയും പരിശോധനയിൽ കൈക്ക് പൊട്ട് സംഭവച്ചതിന്റെ അടിസ്ഥാനത്തിൽ പ്ലാസ്റ്റർ ഇടുകയും ചെയ്തു. അപകടം ഉണ്ടാക്കിയ ബസിലെ ജീവനക്കാർ കുട്ടിയെ സന്ദർശിക്കാനോ വിവരങ്ങൾ അന്വേഷിക്കാനോ തയാറിയില്ല.
പരാതിയുമായി മുന്നോട്ടുപോകുമെന്നും ബിനു പറഞ്ഞു. അതേസമയം, കോഴിക്കോട് ഡിപ്പോയിലെ വണ്ടിയാണെന്നും അപകടവിവരം ഡിപ്പോ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും മറ്റൊന്നുമറിയില്ലെന്നും മാനന്തവാടി ഡിപ്പോ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.