മാനന്തവാടി: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മാനന്തവാടി മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിക്ക് 42753 വോട്ടിന്റെ ഭൂരിപക്ഷം. 74829 വോട്ടാണ് ആകെ ലഭിച്ചത്.
എൽ.ഡി.എഫിലെ സത്യൻ മൊകേരിക്ക് 32056 വോട്ടും എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസിന് 20207 വോട്ടും ലഭിച്ചു. മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലും പ്രിയങ്ക ഗാന്ധിക്കാണ് ലീഡ്. ക്രിസ്ത്യൻ, മുസ് ലിം, ആദിവാസി മേഖലകളിലെല്ലാം പ്രിയങ്കയെ തുണച്ചു.
എക്കാലത്തും ഇടതുമുന്നണിയെ പിന്തുണച്ചിരുന്ന തിരുനെല്ലി പഞ്ചായത്തിൽപോലും യു.ഡി.എഫിന് ഭൂരിപക്ഷം നേടാനായി. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 38721 ആയിരുന്നു. ആകെ 79026 വോട്ടാണ് ലഭിച്ചത്. ആനി രാജക്ക് 40305 വോട്ടും ബി.ജെ.പിയുടെ കെ. സുരേന്ദ്രന് 25503 വോട്ടും ലഭിച്ചു. ഇടതുമുന്നണി പ്രചാരണത്തിൽ സജീവമല്ലെന്ന് ആരോപണമുയർന്നിരുന്നു.
സി.പി.എം. ഇത്തവണ പ്രചാരണത്തിൽ സജീവമല്ലാത്തതിൽ സി.പി.ഐയിൽ പ്രതിഷേധം ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അഭിപ്രായ ഭിന്നത രൂക്ഷമാകാനാണ് സാധ്യത. ബി.ജെ.പിക്കും ഇടതുമുന്നണിക്കും കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കുറവാണ് ഇത്തവണ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.