മാനന്തവാടി: മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന രോഗികളെയും വിദഗ്ധ ചികിത്സക്കായി റഫർ ചെയ്യുന്ന രോഗികളെയും തങ്ങളുടെ ആശുപത്രികളിലെത്തിക്കാൻ ജില്ലക്കകത്തും, പുറത്തുമുള്ള സ്വകാര്യ ആശുപത്രികൾ തമ്മിൽ മത്സരം. രോഗികളെ എത്തിക്കാന്‍ ഇടനിലക്കാരനാവുന്നതാകട്ടെ ചില ആംബുലന്‍സ് ഡ്രൈവര്‍മാരും. വയനാട് ജില്ലയിലെ പ്രധാന സ്വാകര്യ ആശുപത്രികളേക്ക് രോഗിയെ എത്തിച്ചാല്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് 500 രൂപയോളം ലഭിക്കും. എന്നാല്‍ ചുരമിറങ്ങിയാല്‍ തുക കൂടും. കോഴിക്കോട് ടൗണിലെ മൂന്ന് സ്വകാര്യ ആശുപത്രികളില്‍ ആളെയെത്തിച്ചാല്‍ 6000, 4000, 3000 രൂപ നിരക്കില്‍ ലഭിക്കും. എരഞ്ഞിപാലം, ഉള്ളിയേരി എന്നിവിടങ്ങളിലെ ആശുപത്രിയില്‍ എത്തിച്ചാല്‍ 500 രൂപയും ലഭിക്കും. റഫർ ചെയ്യപ്പെടുന്ന രോഗികളെയും കയറ്റി ആംബുലൻസ് പുറപ്പെട്ടാൽ ചില ഡ്രൈവർമാർ രോഗിയുടെ കൂടെയുള്ളവരെ തെറ്റിദ്ധരിപ്പിച്ച് കൂടുതൽ കമ്മീഷൻ ലഭിക്കുന്ന ആശുപത്രികളിലേക്ക് രോഗികളെ എത്തിക്കുന്നതായി ആരോപണമുണ്ട്.
സർക്കാർ ആംബുലൻസിലെ ചില ഡ്രൈവർമാരും ഇത്തരത്തിൽ ഏജന്റായി പ്രവർത്തിക്കുന്നതായി പറയപ്പെടുന്നു. ഇതിനു പുറമെ വയനാട് മെഡിക്കൽ കോളജിലെ ചില ഡോക്ടർമാരും സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ എത്തിക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്. ചില ആംബുലൻസുകൾ കോഴിക്കോടുള്ള വൻകിട ആശുപത്രികളിലേക്ക് മാത്രം സൗജന്യമായി രോഗികളെ എത്തിച്ച് കമ്മീഷൻ തുകയും വാടകയും ആശുപത്രികളിൽ നിന്ന് വാങ്ങിക്കുന്നുണ്ട്. ആംബുലൻസ് കാഷ്വാലിറ്റിയിലെത്തിയാൽ വാഹന നമ്പറും ഡ്രൈവരുടെ നമ്പറും ശേഖരിച്ച് പണം കൈമാറാനായി പ്രത്യേക സ്റ്റാഫുകളെ തന്നെ ആശുപത്രികൾ നിയോഗിക്കുന്നുണ്ട്.
വർഷത്തിലൊരിക്കൽ ഓരോ പ്രദേശത്തും ഡ്രൈവർമാർക്കായി 'ഗെറ്റ് ടുഗതർ' ഒരുക്കി ഭക്ഷണവും സമ്മാനങ്ങളും നൽകുന്ന സ്വകാര്യ ആശുപത്രിയുമുണ്ട്. തങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യത്തിന്റെ ഭാഗമായാണ് ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റിന്റെ വിശദീകരണമെങ്കിലും ഈ തുക പാവപ്പെട്ട രോഗിയില്‍ നിന്ന് മറ്റേതെങ്കിലും പേരില്‍ ആശുപത്രി മാനേജ്മെന്റ് ഈടാക്കുകയാണ് ചെയ്യുന്നതെന്ന് പറയുന്നു.
ഇത് സംബന്ധിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആംബുലന്‍സിലെത്തുന്ന രോഗിയുടെ ബന്ധുക്കളോട് സ്വകാര്യ ആശുപത്രിയിലെ പ്രത്യേകതകള്‍ ചെറുതായി അവതരിപ്പിക്കുന്നതോടെ മറ്റൊന്നും നോക്കാതെ രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാറാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.