പഞ്ചാരക്കൊല്ലി തറാട്ടെ വാഴത്തോട്ടത്തിൽ കണ്ടെത്തിയ കടുവയുടേതെന്ന് കരുതുന്ന കാൽപ്പാട്
മാനന്തവാടി: കടുവ സ്ത്രീയെ കൊന്നുതിന്ന മാനന്തവാടി പിലാക്കാവിൽ വീണ്ടും കടുവ ഭീതി. പിലാക്കാവ് പഞ്ചാരക്കൊല്ലിയിലാണ് നാട്ടുകാരെ ആശങ്കയിലാഴ്ത്തി വീണ്ടും കടുവയുടെ കാൽപ്പാടുകൾ കണ്ടത്. തിങ്കളാഴ്ച രാവിലെ തറാട്ട് ഉന്നതിയിലെ രാമന്റെ വാഴത്തോട്ടത്തിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്.
വനപാലകസംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുൻകരുതലായി പ്രദേശത്ത് വിവിധ ഭാഗങ്ങളിൽ എട്ട് കാമറകൾ സ്ഥാപിച്ചു. 17 അംഗം വനപാലക സംഘമാണ് പരിശോധന നടത്തിയത്. രാത്രിയിൽ പ്രദേശത്ത് പട്രോളിങ് നടത്തുമെന്ന് വനപാലകർ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 24നാണ് തറാട്ട് ഉന്നതിയിലെ രാധയെ കടുവ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചത്. പിന്നീട് ഈ കടുവയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. പിടികൂടാനുള്ള ദൗത്യത്തിനിടെയാണ് ചത്തത്.
ദിവസങ്ങളോളം പ്രദേശം ഭീതിയുടെ മുൾമുനയിലായിരുന്നു. പ്രതിഷേധങ്ങളുമുണ്ടായി. പിടികൂടാനുള്ള ദൗത്യത്തിനിടെ കടുവ വനപാലകനെ ആക്രമിക്കുകയും ചെയ്തു. ചെറിയ കാൽപാടുകളാണ് സ്ഥലത്ത് കണ്ടത്. കഴിഞ്ഞദിവസം പ്രദേശത്ത് കനത്ത മഴ പെയ്തത് കാൽപാടുകൾ കൃത്യമായി മനസിലാക്കുന്നതിന് തടസ്സമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.