മാനന്തവാടി: ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകാൻ കണിയാരം കത്തീഡ്രൽ പള്ളിയിൽ ചേർന്ന ഇടവക ജനത്തിന്റെ പ്രതിഷേധ സദസ്സ് തീരുമാനിച്ചു. കാട്ടിലെ ആവാസ വ്യവസ്ഥയിൽ വന്ന മാറ്റങ്ങൾ കാരണം മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്ന സ്ഥിതി അതിഗുരുതരമാണ്. കത്തീഡ്രൽ വികാരി ഫാ. സോണി വാഴക്കാട് ഉദ്ഘാടനം ചെയ്തു. മാനന്തവാടി മുനിസിപ്പൽ കൗൺസിലർമാരായ പി.വി. ജോർജ്, സുനി ഫ്രാൻസീസ്, ജോസ് കിഴക്കേയിൽ, സോയി കൈതാരം, രാജു മൈക്കിൾ എന്നിവർ സംസാരിച്ചു.
മൂലങ്കാവ്: വയനാട് ജനത നേരിടുന്ന രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ മൂലങ്കാവ് സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രതിഷേധ റാലിയും സംഗമവും നടത്തി. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന രീതിയിൽ ഉചിതമായ നടപടികൾ ഭരണാധികാരികളിൽ നിന്ന് ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. വികാരി ഫാ. ഷിജിൻ വർഗീസ് കടമ്പക്കാട്ട് അധ്യക്ഷത വഹിച്ചു. മനയത്ത് ജോർജ് കോർ എപ്പിസ്കോപ്പ യോഗം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ഷെവലിയാർ പൗലോസ് കീരംകുഴി, സെക്രട്ടറി ബേബി കറുകപ്പിള്ളിയിൽ, ജോ.സെക്രട്ടറി ബിനു നെയ്ശ്ശേരി എന്നിവർ നേതൃത്വം നൽകി.
സുൽത്താൻ ബത്തേരി: വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളിൽ നിന്നും മനുഷ്യരുടെ ജീവനും ജീവിതോപാധിയും സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടനടി ശാശ്വത പരിഹാര മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടത്തിയ പ്രതിഷേധ സംഗമം ഫാ.സൈമൺ മാലിയിൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. അജു ചാക്കോ അരത്തമ്മാംമൂട്ടിൽ അധ്യക്ഷത വഹിച്ചു. ഫാ. ബാബു നീറ്റുംകര, വർഗീസ് വെട്ടിക്കാട്ടിൽ, ഷാജു ചേലാട്ട്, സിബി കെ. തോമസ് എന്നിവർ സംസാരിച്ചു.
സുൽത്താൻ ബത്തേരി: വന്യമൃഗ പ്രതിരോധ നടപടികൾ സ്വീകരിക്കുക, കാടും നാടും വേർതിരിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, വനം വകുപ്പ് പിരിച്ച് വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സുൽത്താൻ ബത്തേരി അസംപ്ഷൻ ഇടവക പ്രതിഷേധ സംഗമം നടത്തി.
വികാരി ഫാ. ജോസഫ് പരുവമേൽ, ഫാ. കിരൺ തൊണ്ടിപറമ്പിൽ, ഫാ. അഭിഷേക് കണ്ടത്തിൽകര, സാജു പുലിക്കോട്ടിൽ, ഷിനോ മാങ്കുട്ടത്തിൽ, ബെന്നി തട്ടത്ത്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
സുൽത്താൻ ബത്തേരി: വന്യമൃഗ ആക്രമണം രൂക്ഷമായിട്ടും ഇതുവരെ വയനാട് സന്ദർശിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാത്ത വയനാടിന്റെ ചുമതല കൂടിയുള്ള വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ വയനാടൻ ജനതയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മന്ത്രിയുടെ കോലം കത്തിച്ചു.
മണ്ഡലം പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. കെ..പി.സി.സി മെംബർ കെ.ഇ. വിനയൻ, അനീഷ് റാട്ടക്കുണ്ട്, ലിന്റോ കുര്യാക്കോസ്, ജസ്റ്റിൻ ജോഷ്യ, അബ്ദുൾ സലാം , പി.ജി. സുനിൽ എൽദോ, പി.സി. അരുൺ, ജിബിൻ നയിനാൻ, ടി.കെ. തോമസ്, ഷാജി തോബ്രയിൽ, പി. മുജീബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.