പാലക്കാട്: ആന, കടൽ, മോഹൻലാൽ, കെ. മുരളീധരൻ.. എത്ര കണ്ടാലും മടുക്കില്ലെന്ന് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. മുരളീധരനുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. മുരളീധരന്‍റെ അനുഗ്രഹവും സ്നേഹവും പിന്തുണയും തനിക്ക് ആവശ്യമാണെന്നും സന്ദീപ് വ്യക്തമാക്കി.
താൻ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവാണ് കെ. കരുണാകരൻ. കേരളത്തിന്‍റെ വികസനത്തിന് വേണ്ടി ഏറെ പ്രയത്നിക്കുകയും സംഭാവനകൾ ചെയ്യുകയും ചെയ്ത ആളാണ് കരുണാകരൻ. ഇക്കാര്യം ബി.ജെ.പിയിൽ പ്രവർത്തിക്കുമ്പോൾ പോലും താൻ പറഞ്ഞിട്ടുണ്ട്. കരുണാകരന്‍റെ പാരമ്പര്യത്തിന് ഉടമ എന്ന നിലയിൽ മുരളീധരനോട് ഏറെ ബഹുമാനമുണ്ട്.
ബി.ജെ.പിയുടേത് അർഥശ്യൂന്യമായ ആരോപണങ്ങളാണ്. വിശേഷ പട്ടങ്ങൾ ഇനിയും ചാർത്തി തരും. ഒരു ചൂരൽ എടുത്ത് മാരാർജി ഭവനിലെത്തി ബി.ജെ.പിയെ നന്നാക്കുവാൻ ആഗ്രഹിക്കുന്നില്ല. താൻ തല്ലിയാൽ അവർ നന്നാവില്ല. അവരെ അവരുടെ വഴിക്ക് വിട്ടിരിക്കുന്നു. താൻ കോൺഗ്രസിന് കൂടെയുണ്ടെന്നും സന്ദീപ് വ്യക്തമാക്കി.
സന്ദീപിന്‍റെ എല്ലാ പ്രവർത്തനങ്ങൾക്കും കോൺഗ്രസ് അദ്ദേഹത്തോടൊപ്പം ഉണ്ടാകുമെന്ന് കെ. മുരളീധരനും വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് സന്ദീപ് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. അതിൽ കൂടുതൽ ഒന്നുമില്ല. രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കാൻ തീരുമാനിച്ചത് മുതൽ സന്ദീപിനെ ചേർത്ത് പിടിച്ചു. സന്ദീപ് കോൺഗ്രസിൽ വന്നതിൽ ഒരു പ്രശ്നവുമില്ലെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.