മീനങ്ങാടി: പേരാമ്പ്രയില്‍നിന്ന് രണ്ടുപേരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളിലൊരാളെ മീനങ്ങാടി പൊലീസ് സാഹസികമായി പിടികൂടി. കുറ്റ്യാടി പാലേരി ഇടവള്ളത്ത് വീട്ടില്‍ മുഹമ്മദ് ഇജാസാണ് (28) പിടിയിലായത്.
യുവാക്കളെ തട്ടിക്കൊണ്ടുപോയ ചുവന്ന സ്വിഫ്റ്റ് കാര്‍ ബുധനാഴ്ച രാവിലെ മീനങ്ങാടി സ്റ്റേഷനു മുന്നിലൂടെ പോയപ്പോള്‍ പൊലീസ് പിന്തുടരുകയായിരുന്നു. കിലോമീറ്ററുകളോളം നീണ്ട ചേസിങ്ങില്‍ പൊലീസ് പിറകെയുണ്ടെന്ന് മനസ്സിലായതോടെ പ്രതികള്‍ അപ്പാട് ഭാഗത്ത് വാഹനം ഉപേക്ഷിച്ചു കടന്നുകളഞ്ഞു. തുടര്‍ന്ന്, പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളിലൊരാളെ കസ്റ്റഡിയിലെടുക്കുന്നത്.
ചൊവ്വാഴ്ച വൈകീട്ടോടെ ബന്ധുവീട്ടില്‍ പോകും വഴിയാണ് പേരാമ്പ്രയില്‍നിന്ന് രണ്ടു വാഹനങ്ങളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയതെന്ന് മേപ്പയൂർ സ്വദേശി മുഹമ്മദ് അസ്ലം, പൈതോത്ത് മെഹ്നാസ് എന്നിവർ പൊലീസിന് മൊഴി നൽകി. നിരവില്‍പുഴ എത്തിയപ്പോള്‍ മെഹ്നാസ് മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ട് വണ്ടി നിര്‍ത്തിച്ചു. ശേഷം, ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ആളുകള്‍ കൂടിയതോടെ മെഹ്നാസിനെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൊണ്ടര്‍നാട് പൊലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് മുഹമ്മദ് അസ്ലമുമായി യാത്രതുടരുന്നതിനിടെ മീനങ്ങാടി പഞ്ചമി കോളനി ഭാഗത്തുവെച്ച് അസ്ലം ചാടി രക്ഷപ്പെട്ടു. ഇയാള്‍ ക്യാമ്പിലെ പൊലീസുകാരനായ ശ്യാം കണ്ണന്റെ മുന്നിലെത്തിയതോടെ മീനങ്ങാടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പ്രതിയെ പേരാമ്പ്ര പൊലീസിന് കൈമാറി. മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ എസ്.പി.ഒമാരായ ആര്. ഫിറോസ് ഖാന്, എം.എസ്. സുമേഷ്, സി.പി.ഒമാരായ കെ. അഫ്സല്, ഇ.ജെ. ഖാലിദ്, ശ്യാം കണ്ണന് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.