മീനങ്ങാടി: വില്പനക്കായി സൂക്ഷിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എയുമായി കണ്ണൂര്‍, പാലക്കാട് സ്വദേശികളായ യുവാക്കളെയും സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്ന ശൃംഖലയിലെ മുഖ്യകണ്ണിയെയും മീനങ്ങാടി പൊലീസ് പിടികൂടി. 348 ഗ്രാം എം.ഡി.എം.എയുമായി തലശ്ശേരി സുഹമ മന്‍സില്‍ ടി.കെ. ലാസിം (26), മണ്ണാര്‍ക്കാട് പാട്ടകുണ്ടില്‍ വീട്ടില്‍ ഹാഫിസ് (24) എന്നിവരെയും സംസ്ഥാനത്തേക്കുള്ള ലഹരി കടത്തിലെ മുഖ്യകണ്ണി കണ്ണൂര്‍ ആനയിടുക്ക് ആമിനാസ് വീട്ടില്‍ വാവു എന്ന തബ്ഷീര്‍ (28)നെയുമാണ് മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
2023 ഡിസംബറില്‍ 18.38 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിലായ കേസിന്റെ തുടരന്വേഷണത്തിലാണ് ഇയാൾക്ക് ലഹരി എത്തിച്ചുനൽകിയതിൽ പ്രധാന കണ്ണിയായ തബ്ഷീർ പിടിയിലാകുന്നത്. ഇയാളെ കര്‍ണാടകയിലെ മാണ്ഡ്യയില്‍ വെച്ചാണ് പൊലീസ് പിടികൂടുന്നത്.
ശനിയാഴ്ച രാവിലെ ഒമ്പതരയോടെ പൊലീസ് പട്രോളിങ്ങിനിടെയാണ് എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലാകുന്നത്. മീനങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊലീസ് ജീപ്പ് കണ്ട് പരിഭ്രമിച്ച ഇവരെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ എം.ഡി.എം.എ കണ്ടെടുത്തത്. മീനങ്ങാടി സ്വദേശിയായ ഒരാള്‍ക്ക് വില്ക്കാന് വേണ്ടി ബംഗളൂരുവിലുള്ള കറുപ്പന് എന്ന നൈജീരിയക്കാരനില്നിന്ന് മൂന്ന് ലക്ഷത്തോളം രൂപക്കാണ് എം.ഡി.എം.എ വാങ്ങിയതെന്നാണ് ഇവരുടെ മൊഴി.
ഇരുവര്‍ക്കും വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എസ്. രഞ്ജിത്ത്, എം.ഡി. രവീന്ദ്രന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.