മീനങ്ങാടി: അണ്ടർ 16 സാഫ് കപ്പ് ഫുട്ബാളിൽ ഇന്ത്യക്ക് വേണ്ടി ബൂട്ടണിഞ്ഞും കേരള ബ്ലാസ്റ്റേഴ്സ്, മിനർവ പഞ്ചാബ്, ഐ.എസ്.എൽ ഹൈദരാബാദ്, മുംെബെ റിലയൻസ് എന്നീ ക്ലബുകളിൽ ഇടംനേടിയും മിന്നുന്ന പ്രകടനം കാഴ്ചവെച്ച് താരങ്ങൾ മുന്നേറുമ്പോൾ അവരെ സംഭാവന ചെയ്ത മീനങ്ങാടി ഫുട്ബാൾ അക്കാദമി അഭിമാന നെറുകയിലാണ്. കാൽപന്തുകളിയെ നെഞ്ചിലേറ്റിയ വയനാടിന് അഭിമാനമായി നിരവധി വിദ്യാർഥികൾക്ക് കളിമികവും അവസരവും നൽകി ദേശീയ അക്കാദമികളിലും ക്ലബുകളിലും കളിക്കാൻ പ്രാപ്തരാക്കിയാണ് അഭിമാന സ്ഥാപനം മുന്നേറുന്നത്.
പരിശീലന മികവിന് അംഗീകാരമായി മീനങ്ങാടി സ്കൂൾ വിദ്യാർഥികളായ പ്രത്യുഷ് ദേവ് മിനർവ പഞ്ചാബിലേക്കും ദേവനന്ദൻ കേരള ബ്ലാസ്റ്റേഴ്സിലേക്കും സെലക്ഷനായി. ഐ.എസ്.എൽ ഹൈദരാബാദ് ടീമംഗമായ അലക്സ് സജി, മുംെബെ റിലയൻസ് താരം അലൻ സജി, അണ്ടർ 16 സാഫ് കപ്പ് ഫുട്ബാളിൽ ഇന്ത്യക്ക് വേണ്ടി ബൂട്ടണിഞ്ഞ അമൽരാജ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ ക്യാപ്റ്റൻ ഒ.ബി. അനീഷ്, മുത്തൂറ്റ് അക്കാദമിയിലെ എഡ് വിൻ, തൃശൂർ റെഡ്സ്റ്റാർ അക്കാദമയിലെ ആഷിഖ്, അഭിഷേക്, എബിൻ ദിലീപ്, ചേലേമ്പ്ര സ്പോർട്സ് സ്കൂളിൽ പ്രവേശനം ലഭിച്ച ഷെഫീഖ് ഫവാസ് തുടങ്ങി മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഫുട്ബാൾ അക്കാദമിയുടെ പരിശീലനക്കളരിയിൽ നിന്ന് മികവറിയിച്ചവർ നിരവധിയാണ്.
ഇതിന് പുറമെയാണ് സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധി ക്ലബുകളിലേക്ക് 15-ഓളം കുട്ടികൾ ഇത്തവണയും അക്കാദമിയിൽനിന്ന് പുതിയ തലങ്ങൾ തേടിപ്പോയത്.
മീനങ്ങാടി ചെണ്ടക്കുനി വഴങ്ങാട്ടിൽ സജിയുടെയും സിജിയുടെയും മൂത്ത മകൻ പ്രത്യുഷ് ഈ മാസം പഞ്ചാബിൽ നടന്ന ക്യാമ്പിലൂടെ മിനർവ പഞ്ചാബിലേക്ക് സെലക്ഷനായത്. മീനങ്ങാടി ചെണ്ടക്കുനിയിലെ സുരേഷ് - ബീന ദമ്പതികളുടെ മകനായ ദേവനന്ദൻ കൊച്ചിയിൽ നടന്ന സെലക്ഷൻ ട്രയലുകളിൽ ആദ്യശ്രമത്തിൽ തന്നെ വിജയിച്ച് കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 13 ടീമിലിടം പിടിച്ചു.
പ്രത്യുഷ് മികച്ച ഗോൾകീപ്പറായാണ് മീനങ്ങാടി അക്കാദമിയിൽ നിന്ന് മിനർവ പഞ്ചാബിലേക്കെത്തുന്നത്.
ഫോർവേടായാണ് ദേവനന്ദന് കേരള ബ്ലാസ്റ്റേഴ്സിൽ സെലക്ഷൻ ലഭിച്ചത്. ആറുവർഷമായി അക്കാദമി തുടങ്ങിയിട്ട്. ഗ്രാമപഞ്ചായത്ത് പരിധിയിൽനിന്ന് 80 കുട്ടികൾക്കാണ് അവസരം ലഭിക്കുക. 50 ആൺകുട്ടികളും 30 പെൺകുട്ടികൾക്കുമാണ് അവസരം.
സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിൽനിന്ന് ജനറൽ വിഭാഗത്തിൽ 30 ഉം എസ്.ടി വിഭാഗത്തിൽ 30 ആൺകുട്ടികൾക്കും അവസരം നൽകും. പ്രധാന കോച്ച് ബിനോയിയാണ് അക്കാദമിയുടെ വിജയത്തിന് പിന്നിലെ പ്രധാന സൂത്രധാരൻ.
രാവിലെ ഏഴിന് തുടങ്ങി ഒമ്പതു വരെയും വൈകീട്ട് നാലു മുതൽ ആറു വരെയും കുട്ടികൾക്കൊപ്പം ബിനോയിയുണ്ട്. അഞ്ചാം വയസ്സിൽ പരിശീലനത്തിനെത്തുന്ന കുട്ടികൾ ഹയർ സെക്കൻഡറി കാലയളവ് പൂർത്തിയാവുന്നതോടെ കാൽപന്തുകളിയിലെ മികച്ച പ്രതീക്ഷകളായാണ് അക്കാദമി വിടുക.
മാനേജർ ഫൗജു, കളിക്കളത്തിലെ ബിനോയിയുടെ സഹയാത്രികരായ മനാഫ്, അനീഷ് ഒവി, ലൂയിസ്, തുടങ്ങിയവരും അക്കാദമിയുടെ നിലവാരം ഉയർത്തുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നത്. ജില്ലയിലും ജില്ലക്ക് പുറത്തുമായി നിരവധി ടൂർണമെൻറുകളിൽ കപ്പടിച്ചും മികവു തുടരുകയാണ് അക്കാദമി. പരിമിതമായ സൗകര്യങ്ങളിലും മികച്ച നേട്ടം കൈവരിക്കുന്ന അക്കാദമിക്ക് ഫുട്ബാൾ കിറ്റും പോഷകാഹാരവും പരിശീലനത്തിനാവശ്യമായ മറ്റു സാമഗ്രികളുമെല്ലാം സൗജന്യമായാണ് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തും മീനങ്ങാടി ഗ്രാമ പഞ്ചായത്തും എത്തിച്ചു നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.