സുൽത്താൽ ബത്തേരി: പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പീപ്ൾസ് ഫൗണ്ടേഷൻ നിർമിച്ച മീനങ്ങാടി പീപ്ൾസ് വില്ലേജ് കുടുംബങ്ങൾക്ക് കൈമാറി. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത ആറു കുടുംബങ്ങൾക്ക് പൂതാടി പഞ്ചായത്തിലെ അരിമുളയിലാണ് പീപ്ൾസ് ഫൗണ്ടേഷൻ വീടൊരുക്കിയത്. അരിമുള വാണാറമ്പത്ത് കുന്നിൽ സാമൂഹിക പ്രവർത്തക മണിക്കുട്ടി എസ്. പിള്ളയാണ് വീടുകൾക്കായി 45 സെൻറ് സ്ഥലം നൽകിയത്.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പീപ്ൾസ് വില്ലേജ് ഉദ്ഘാടനം ചെയ്തു. സന്തുഷ്ട കുടുംബമാണ് മനുഷ്യെൻറ ഏറ്റവും വലിയ നേട്ടമെന്ന് എം.എൽ.എ പറഞ്ഞു. അതിന് സ്വന്തമായി ഒരു പാർപ്പിടം അനിവാര്യ ഘടകമാണ്. മനുഷ്യെൻറ ഹൃദയത്തിലുള്ള ആഗ്രഹത്തെ തൊട്ടറിഞ്ഞ് പീപ്ൾസ് ഫൗണ്ടേഷൻ ഈ നന്മകൾ ചെയ്യുന്നു. ഉള്ളവൻ ഇല്ലാത്തവനെ സഹായിക്കുക എന്ന നബി വചനമാണ് ഇവിടെ അന്വർഥമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജാതി,മത ചിന്തകൾക്കതീതമായി സ്നേഹവും സാഹോദര്യവും ഉയർത്തിപിടിക്കാനാണ് പീപ്ൾസ് ഫൗണ്ടേഷൻ ശ്രമിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി പറഞ്ഞു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. ബിന്ദു, പൂതാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എസ്. പ്രഭാകരൻ, പീപ്ൾസ് ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സൺ സഫിയ അലി, വാർഡ് മെമ്പർ മിനി സുരേന്ദ്രൻ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ടി.പി. യൂനസ്, സെക്രട്ടറി ജലീൽ കണിയാമ്പറ്റ, പുനരധിവാസ സമിതി കൺവീനർ നവാസ് പൈങ്ങോട്ടായി, മണി എസ്. പിള്ള എന്നിവർ സംസാരിച്ചു. പീപ്ൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദ് സ്വാഗതവും സി.കെ. സമീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.