മീനങ്ങാടി: കാലവർഷം തുടങ്ങിയതോടെ പൊതുസ്ഥലങ്ങൾ, റോഡുവശങ്ങൾ, സ്വകാര്യഭൂമി എന്നിവിടങ്ങളിൽ അപകടഭീഷണിയായ മരങ്ങളും ശിഖരങ്ങളും അടിയന്തരമായി മുറിച്ച് മാറ്റണമെന്ന് ജില്ല കലക്ടർ നിർദ്ദേശം നൽകിയിട്ടും നടപ്പായില്ല.
മീനങ്ങാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ ദേശീയ പാതയോരത്തടക്കം നിരവധി മരങ്ങളാണ് അപകടാവസ്ഥയിൽ നിൽക്കുന്നത്. മീനങ്ങാടി അപ്പാട് റോഡിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ വാകമരം, വെറ്ററിനറി ആശുപത്രിക്ക് സമീപത്തെ ഉണങ്ങിയ മരം, മീനങ്ങാടി പഞ്ചായത്തിന് മുൻവശത്തെ പടുമരം, സമീപത്തായുള്ള പ്ലാവ്, ഓട്ടോസ്റ്റാൻഡിനടുത്തുള്ള വെണ്ടേക്ക്, കാക്കവയൽ ടൗണിന് സമീപത്തെ മരം, കാക്കവയൽ സ്കൂൾ മുതൽ കല്ലുപാടി വരെ റോഡിലേക്ക് തൂങ്ങി നിൽക്കുന്ന വാകമരങ്ങൾ നിരവധി മരങ്ങളാണ് ഓരോ ഭാഗത്തും ഭീഷണിയായി നിൽക്കുന്നത്.
അമ്പലവയൽ റോഡിൽ ഭീഷണിയായ ഉണങ്ങിയ ഈട്ടിമരം മുറിച്ച് മാറ്റാൻ വേണ്ടി നാട്ടുകാർ നിരവധിതവണ ഓഫിസുകൾ കയറി ഇറങ്ങിയപ്പോഴാണ് മരം മുറിക്കാൻ നടപടിയായത്. ഗ്രാമപഞ്ചായത്തിന് മുൻവശത്തെ അപകടാവസ്ഥയിലുള്ള മൂന്നു മരങ്ങൾ മുറിക്കാൻ ദേശീയപാത അതോറിറ്റിയുടെ ഉത്തരവുണ്ടായിട്ടും നടപ്പായിട്ടില്ല.
പലപ്പോഴും മരത്തിന്റെ കൊമ്പുകൾ വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാറുണ്ട്. സ്കൂളിന് സമീപത്തെ മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റാൻ ഗ്രാമ പഞ്ചായത്ത് ട്രീ കമ്മിറ്റി തീരുമാനമെടുത്തെങ്കിലും മുറിച്ച് മാറ്റുന്ന നടപടി വൈകുകയാണ്. ദിവസങ്ങൾക്കുമുമ്പാണ് കാക്കവയൽ സ്കൂളിന് സമീപം മരശിഖരം റിക്കവറി വാനിന് മുകളിൽ വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.