കൽപറ്റ: 2018 പ്രളയാനന്തര കേരള പുനര്നിര്മാണത്തിെൻറ ഭാഗമായി പീപ്ൾസ് ഫൗണ്ടേഷന് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികൾ പൂർത്തിയായി. പദ്ധതിയുടെ സമാപന പ്രഖ്യാപനവും പനമരം പീപ്ൾസ് വില്ലേജ് ഉദ്ഘാടനവും ശനിയാഴ്ച രാവിലെ 11ന് രാഹുൽ ഗാന്ധി എം.പി വിഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. പനമരം കരിമ്പുമ്മൽ നീരട്ടാടിയിൽ നിർമാണം പൂർത്തിയായ പീപ്ൾസ് വില്ലേജ് പദ്ധതിയിൽ 25 വീടുകൾ, പ്രീ സ്കൂൾ, പ്രാഥമികാരോഗ്യ കേന്ദ്രം, കളി സ്ഥലം എന്നിവ ഉൾക്കൊള്ളുന്നതാണെന്ന് പീപ്ൾസ് ഫൗണ്ടേഷന് ചെയർമാൻ എം.കെ. മുഹമ്മദലി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പി.വി. അബ്ദുൽ വഹാബ് എം.പി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി, സെക്രട്ടറി ജനറൽ ടി. ആരിഫലി, കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണൻ, സി.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ, ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ല, പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി, ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ പി. മുജീബുറഹ്മാൻ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി, പീപ്ൾസ് ഫൗണ്ടേഷന് സെക്രട്ടറി എം. അബ്ദുൽ മജീദ്, പനമരം പഞ്ചായത്ത് പ്രസിഡൻറ് ഷൈനി കൃഷ്ണ തുടങ്ങിയവർ പങ്കെടുക്കും.
ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി. പൊതുജനങ്ങൾക്ക് സമൂഹ മാധ്യമം വഴി കാണാനാകും. പീപ്ൾസ് ഫൗണ്ടേഷെൻറ 10 കോടി രൂപ ചെലവുവരുന്ന 2019 പ്രളയ പുനരധിവാസ പദ്ധതികൾ പുരോഗമിക്കുകയാണ്. സർക്കാർ സഹായത്തിന് അർഹരാണെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത്തരം പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നതില്‍ പ്രയാസം നേരിട്ടിരുന്നവർക്കാണ് പദ്ധതികളിൽ മുന്‍ഗണന നല്‍കിയത്. കോഓഡിനേറ്റർമാർ നേരിട്ട് സർവേ നടത്തിയാണ് അർഹരായവരെ കണ്ടെത്തിയത്.
വിവിധ ഏജൻസികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയും 25 കോടി രൂപ ചെലവ് വരുന്ന പദ്ധതികളാണ് ഫൗണ്ടേഷൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. 300 പുതിയ വീടുകൾ, 1000 വീടുകളുടെ അറ്റകുറ്റപ്പണികൾ, 1000 സ്വയം തൊഴിൽ പദ്ധതി, 50 കുടിവെള്ള പദ്ധതികൾ, സ്കോളർഷിപ്, ചികിത്സ തുടങ്ങിയ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞു. മലപ്പുറം നമ്പൂരിപെട്ടി, കോട്ടയം ഇല്ലിക്കൽ, മാനന്തവാടി, മീനങ്ങാടി എന്നിവിടങ്ങളിലെ പീപ്ൾസ് വില്ലേജുകളും പുനരധിവാസ പദ്ധതികളിൽ ഉൾപ്പെടും. 2019 പ്രളയ പുനരധിവാസ പദ്ധതികളും ഈ വർഷം തന്നെ പൂർത്തീകരിക്കുമെന്ന് എം.കെ. മുഹമ്മദലി പറഞ്ഞു.
ട്രസ്റ്റ് അംഗം സാദിഖ് ഉളിയിൽ, പീപ്ൾസ് ഫൗണ്ടേഷൻ ട്രഷറർ കളത്തിൽ ഫാറൂഖ്, ജമാഅത്തെ ഇസ്ലാമി വയനാട് ജില്ല പ്രസിഡൻറ് ടി.പി. യൂനുസ്, ജില്ല സെക്രട്ടറി സി.കെ. സമീർ, പുനരധിവാസ സമിതി വയനാട് കൺവീനർ കെ. നവാസ്, മീഡിയ സെക്രട്ടറി ടി. ഖാലിദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.