പൊഴുതന: പൊഴുതന പഞ്ചായത്തിലെ കുറിച്യാർമലയിൽ കാട്ടാന തൊഴിലിടങ്ങളിൽ ഇറങ്ങിയത് തോട്ടം തൊഴിലാളികളെ ഭീതിയിലാക്കുന്നു. കഴിഞ്ഞ ദിവസം പകൽ കുറിച്യാർമല പീ.വീസ് ഗ്രൂപ്പ് പ്ലാന്റേഷനിലെ എസ്റ്റേറ്റ് റോഡിലാണ് കാട്ടാന ഇറങ്ങി നിൽക്കുന്നത് തോട്ടം തൊഴിലാളികൾ കണ്ടത്. സമീപത്തെ വനത്തോട് ചേർന്നുള്ള നീർച്ചാലിൽ വെള്ളം കുടിക്കാൻ എത്തിയതായിരുന്നു കാട്ടാന. രാവിലെ തേയില നുള്ളാൻ പോവുന്ന തൊഴിലാളികളാണ് കണ്ടത്.
ഭീതിയിലായ തൊഴിലാളികൾ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം ആന കടന്നു പോയ ശേഷമാണ് തൊഴിലാളികൾ ജോലിക്ക് പുറപ്പെട്ടത്. സംഭവം അറിഞ്ഞതോടെ തോട്ടം തൊഴിലാളികൾ പകൽ പോലും പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്.
ഇതു കൂടാതെ കാട്ടുപോത്ത്, കാട്ടാന, മ്ലാവ് ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പട്ടാപ്പകൽ പോലും തോട്ടം തൊളിലാളികളുടെ ലയങ്ങൾക്ക് സമീപം എത്താറുണ്ടെന്ന് പറയുന്നു. ഇതാണ് തൊഴിലാളികളെ കടുത്ത ഭീതിയിലാക്കാൻ മുഖ്യകാരണം.
മഴക്കാലം തുടങ്ങിയതോടെ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ നാട്ടിൻ പുറങ്ങളിലും ഇറങ്ങുന്നത് പതിവ് സംഭവമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.