പൊഴുതന: ഇൻറർനെറ്റ് ലഭ്യമല്ലാത്തതിനാൽ സുഗന്ധഗിരിയിൽ വിദ്യാർഥികളുടെ ഓൺലൈൻ പഠനം മുടങ്ങുന്നു. ക്ലാസുകൾ ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഓൺലൈൻ പഠനത്തിന് മിക്ക വീടുകളിലും ഇൻറർനെറ്റ് പരിധിക്കുപുറത്തായതിനാൽ നെറ്റ്വർക് ലഭ്യമാവുന്ന പ്രദേശങ്ങൾതേടി അലയുകയാണിവർ.
കൂടുതൽ പട്ടികവർഗ കുടുംബാംഗങ്ങൾ താമസിക്കുന്ന അമ്പ, കുപ്പ് മേഖലയിലാണ് മൊബൈൽ കണക്ടിവിറ്റി ഒട്ടും ഇല്ലാത്തത്. ആയിരത്തോളം കുടുംബങ്ങൾ ഇവിടങ്ങളിൽ താമസിക്കുന്നു. പ്രഫഷനൽ കോഴ്സിന് പഠിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപേർ ഈ ഭാഗങ്ങളിലുണ്ട്.
നിലവിൽ പൊഴുതനയിൽനിന്നുള്ള ബി.എസ്.എൻ.എൽ ടവർ മാത്രമാണ് ഏക ആശ്രയം. ഇവിടെനിന്നും മാവേലി, പ്ലാേൻറഷൻ, ചെന്നയ്കവല തുടങ്ങിയ ചില സ്ഥലങ്ങളിൽ മാത്രമേ ഫോണിൽ ഭാഗികമായി നെറ്റ്വർക് ലഭിക്കൂ. അത്യാവശ്യമായി ആരെയെങ്കിലും വിളിക്കണമെങ്കിൽ പാറപ്പുറത്തോ മരത്തിലോ കയറേണ്ട സ്ഥിതിയാണ്.
കാലവർഷം ആരംഭിക്കുമ്പോൾ വൈദ്യുതിതടസ്സം പതിവാകുന്ന പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരിയിലെ പലസ്ഥലത്തും ടവറും മൊബൈലും പണിമുടക്കുന്നത് പതിവാണ്. നിരവധി പരാതികൾ ഉയർന്നിട്ടും ടവറുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടി ആരംഭിച്ചിട്ടില്ല.
ബി.എസ്.എൻ.എല്ലിനാകട്ടെ ഇൻറർനെറ്റ് വേഗം കുറവാണെന്ന പരാതിയുമുണ്ട്. പഠനത്തിന് മാത്രമല്ല, കോവിഡ് കാലത്തു കുത്തിവെപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടത്തൽ അടക്കമുള്ളവക്കും ഈ പ്രദേശങ്ങളിലുള്ളവർ പ്രയാസപ്പെടുന്നു.
കഴിഞ്ഞ വർഷം പഞ്ചായത്തിലെ പല കേന്ദ്രങ്ങളിലും ഒരുക്കിയ പഠനകേന്ദ്രത്തിലെത്തിയായിരുന്നു ഓൺലൈൻ ക്ലാസ് നടന്നത്. സംസ്ഥാന സിലബസിലുള്ള വിദ്യാർഥികൾക്ക് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകൾ ലഭിക്കുന്നുണ്ടെങ്കിലും മറ്റു കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് വാട്സ്ആപ് ഗ്രൂപ്പുകൾ വഴിയും സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയവയിലൂടെയുള്ള ക്ലാസുകളിൽ പങ്കെടുക്കൽ ദുഷ്കരമാണ്. ടി. സിദ്ദീഖ് എം.എൽ.എ മന്ത്രി കെ. രാധകൃഷ്ണനുമായി ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.