പൊഴുതന: ഒട്ടേറെ കായിക പ്രതിഭകളെ സംഭാവന ചെയ്ത പൊഴുതനയിൽ മികച്ച നിലവാരമുള്ള ഒരു സ്റ്റേഡിയം എന്നത് സ്വപ്നമായി അവശേഷിക്കുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊഴുതന ഗ്രാമപഞ്ചായത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണത്തിന് 57 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയെങ്കിലും മാസങ്ങളായി അവഗണനയുടെ ട്രാക്കിലാണ് മലയോര മേഖലയുടെ കളിക്കളം.
ഫുട്ബാൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, അത്ലറ്റിക്സ്, വോളിബാൾ തുടങ്ങിയ കായിക വിനോദത്തിന് ദിനംപ്രതി നൂറുകണക്കിന് കായിക പ്രതിഭകളാണ് മൈതാനങ്ങളെ ആശ്രയിക്കുന്നത്.
പൊഴുതന പഞ്ചായത്ത് സ്റ്റേഡിയത്തിനു പുറമേ പെരിങ്ങോട, ആറാംമൈൽ, ഇടിയം വയൽ, സുഗന്ധഗിരി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കളിക്കളങ്ങളുണ്ട്. മൈതാനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയാൽ വളർന്നുവരുന്ന കായികപ്രതിഭകൾക്ക് വലിയ മുതൽക്കൂട്ടാവുമെന്നാണ് നാട്ടുകാർ പറയുന്നത്. എല്ലാ സീസണുകളിലും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പൊഴുതനയിൽ ആയിരക്കണക്കിനുപേർ പങ്കെടുക്കുന്ന അഖിലേന്ത്യ ഫുട്ബാൾ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.
എന്നാൽ, ഭരണാനുമതി ലഭിച്ചിട്ടും പൊഴുതന പഞ്ചായത്ത് മിനി സ്റ്റേഡിയം വൈകുന്നതിൽ കായികപ്രേമികൾക്കും അമർഷമുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഈ സ്റ്റേഡിയത്തിൽ ഗാലറിയും സ്റ്റേജും നിർമിച്ചെങ്കിലും പിന്നീട് ഇത് പഞ്ചായത്ത് പൊളിച്ചു മാറ്റുകയായിരുന്നു. അതിനുശേഷം സ്റ്റേഡിയം പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല. പൊഴുതനയിൽ നിലവാരമുള്ള സ്റ്റേഡിയം വേണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. മാറിവരുന്ന ഭരണസമിതികൾ സ്റ്റേഡിയത്തിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നാണ് പരാതി.
പഞ്ചായത്തിലെ മറ്റു സ്റ്റേഡിയങ്ങൾ കൂടി ഉപയോഗപ്പെടുത്തി നിലവാരമുള്ള ട്രാക്ക് അടക്കമുള്ള സൗകര്യങ്ങളേർപ്പെടുത്തണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം. അതേ സമയം, തനത് ഫണ്ട് കുറവായതിനാൽ സ്വന്തംനിലയിൽ ഉന്നതനിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കാൻ കഴിയാത്ത സ്ഥിതിയാണ് പഞ്ചായത്തിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.