പൊഴുതന: തോട്ടം മേഖലയിലെ വികസന മുരടിപ്പു മൂലം ദുരിതം പേറുകയാണ് പൊഴുതനയിലെ നൂറു കണക്കിന് തോട്ടം തൊഴിലാളികൾ. പതിറ്റാണ്ടുകൾക്കു മുമ്പ് പണികഴിപ്പിച്ച, ഏതുനിമിഷവും നിലംപൊത്താവുന്ന എസ്റ്റേറ്റ് ലയങ്ങളിലാണ് പൊഴുതന പഞ്ചായത്തിലെ അച്ചുരാനം, കുറിച്യാർമല, കല്ലൂർ, അച്ചൂർ, പാറക്കുന്ന് അടക്കമുള്ള വിവിധ എസ്റ്റേറ്റ് ഡിവിഷനുകളിൽ ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികൾ അന്തിയുറങ്ങുന്നത്.മേൽക്കൂരകൾ കാറ്റെടുക്കാതിരിക്കാനായി മണൽ നിറച്ച ചാക്കുകളെയാണ് ഇവർ ആശ്രയിക്കുന്നത്. 1930കളിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമിച്ച ലയങ്ങൾ കാലപ്പഴക്കത്താൽ ഭിത്തികൾ വിണ്ടുകീറി ജീർണാവസ്ഥയിലാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെയാണ് തൊഴിലാളികൾ ഇവിടെ കഴിയുന്നത്. പലതും ആളുകൾ ഉപേക്ഷിച്ചതോടെ കാടുകയറി നിലം െപാത്തുന്ന അവസ്ഥയിലാണ്.
തൊഴിലാളികളെ മാനേജ്മെൻറ് ഒരുവിധ സുരക്ഷയും ഇല്ലാതെ പാർപ്പിക്കുന്നതായും ആരോപണമുണ്ട്. കുടിവെള്ളം, മാലിന്യ സംസ്കരണം എന്നിവയെല്ലാം തലവേദനയായി മാറുകയാണ് തൊഴിലാളികൾക്ക്. പൊട്ടിപ്പൊളിഞ്ഞ കക്കൂസുകൾ പോലും നന്നാക്കാൻ നടപടി ഉണ്ടാവാറില്ലെന്ന് തൊഴിലാളികൾ പറയുന്നു. ഓരോ മഴക്കാലത്തിനു മുമ്പും എസ്റ്റേറ്റ് ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറയുമെങ്കിലും ഒന്നും നടക്കാറില്ല. എസ്റ്റേറ്റുകളുടെ ശോച്യാവസ്ഥ മനസ്സിലാക്കാനെത്തിയ അധികൃതരോട് തൊഴിലാളികൾ പരാതി പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. തോട്ടം തൊഴിലാളികൾ താമസിക്കുന്ന എസ്റ്റേറ്റ് ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് സർക്കാർ നിർദേശവും പാലിക്കപ്പെടുന്നില്ല. തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം എസ്റ്റേറ്റ് മാനേജ്മെൻറുകൾക്കാണ്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം എന്നാണ് തൊഴിലാളികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.