കൽപറ്റ: വയനാട് ഗവ. മെഡിക്കൽ കോളജ് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രാഹുൽ ഗാന്ധി എം.പി കത്തയച്ചു. ജില്ല ആശുപത്രിയിൽ മുമ്പ് രോഗികൾക്ക് നൽകിയിരുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെ പോലും ബാധിച്ചുതുടങ്ങിയ വയനാട് മെഡിക്കൽ കോളജിന്‍റെ മെല്ലെപ്പോക്ക് സംബന്ധിച്ച് മാനന്തവാടി മുനിസിപ്പാലിറ്റിയിൽനിന്നുള്ള കത്തിന്‍റെ അടിസ്ഥാനത്തിലാണ് എം.പി കത്തയച്ചത്.
ജില്ല/റഫറൽ ആശുപത്രികൾ അപ്ഗ്രേഡ് ചെയ്ത് പുതിയ മെഡിക്കൽ കോളജുകൾ സ്ഥാപിക്കുന്നതിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരം 1, 2, 3 ഘട്ടത്തിലായി കേരളത്തിൽ ഒരു മെഡിക്കൽ കോളജ് പോലും സ്ഥാപിച്ചിട്ടില്ല. ഈ വിഷയം പാർലമെന്‍റിൽ 2020 ഫെബ്രുവരിയിൽ ഉന്നയിച്ചിരുന്നു. കേരളം അങ്ങനെയൊരു നിവേദനം സമർപ്പിക്കാനിരിക്കുന്നേയുള്ളൂ എന്നാണ് അന്ന് അറിയാൻ കഴിഞ്ഞത്.
2021 ഫെബ്രുവരിയിൽ അന്നത്തെ സംസ്ഥാന ആരോഗ്യ മന്ത്രി ജില്ല ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. 2021 സെപ്റ്റംബർ 27ന് കേന്ദ്ര പദ്ധതി പ്രകാരം മെഡിക്കൽ കോളജായി ഉയർത്തുന്നതിന് കേരള സർക്കാർ കേന്ദ്രത്തിന് മുന്നിൽ നിർദേശം സമർപ്പിച്ചതായി അറിയാൻ സാധിച്ചു. ഏറെ കൊട്ടിയാഘോഷിക്കപ്പെട്ട 600 കോടിയുടെ വയനാട് പാക്കേജിലും മെഡിക്കൽ കോളജ് സ്ഥാപിക്കാൻ നിർദേശിച്ചിരുന്നതായും രാഹുൽ ഗാന്ധി എം.പി മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നു. മന്ദഗതിയിലാണ് നിലവിൽ പദ്ധതി പുരോഗമിക്കുന്നത്.
അധ്യാപകരെയും സ്റ്റാഫ് അംഗങ്ങളെയും റിക്രൂട്ട് ചെയ്യുന്നുണ്ടെങ്കിലും ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിൽ കാര്യമായ പുരോഗതിയില്ലെന്നും അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണത്തിൽ വലിയ കുറവുണ്ട് എന്നും ജില്ല ആശുപത്രിക്ക് മെഡിക്കൽ കോളജ് പ്രവർത്തനക്ഷമമാക്കാനുള്ള അധിക ഉത്തരവാദിത്തംകൂടി വന്നത് പ്രതിസന്ധി രൂക്ഷമാക്കിയതിനാൽ സേവനങ്ങളെ ബാധിച്ചുവെന്നും കത്തിൽ സൂചിപ്പിക്കുന്നു.
ഗുണനിലവാരമുള്ള മെഡിക്കൽ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും വയനാട്ടിലെ ജനങ്ങൾക്ക് ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് എം.പി കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.