വൈത്തിരി: ആദിവാസി മേഖലയായ സുഗന്ധഗിരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രം ഏതു സമയവും തകർന്നുവീഴാറായ നിലയിൽ. 50 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിെൻറ മേൽക്കൂരയും സീലിങ്ങും അടർന്നുവീണതു കാരണം ചോർന്നൊലിക്കുകയാണ്. രോഗികൾക്കും ഡോക്ടറടക്കം ജീവനക്കാർക്കും മഴ പെയ്താൽ നനയാതെ നിൽക്കാനൊരിടമില്ല. ലക്ഷക്കണക്കിന് രൂപയുടെ യന്ത്രസാമഗ്രികളും മരുന്നും നശിക്കുകയാണ്. കെട്ടിടത്തിെൻറ ഓടുകൾ പലതും പാറിപ്പോവുകയും പൊട്ടുകയും ചെയ്തിട്ടുണ്ട്. വെള്ളമിറങ്ങി പലയിടത്തും സീലിങ് പൊട്ടി അപകടാവസ്ഥയിൽ തൂങ്ങിക്കിടക്കുന്നു. ചുവരുകളും ജനലുകളും നനഞ്ഞു ദ്രവിച്ചു. പല മുറികളുടെയും വാതിൽ ഇളകി വീഴാറായി. ആദിവാസി മേഖലയിലെ ഏക സർക്കാർ ആതുരാലയമാണിത്, സർക്കാറും ആരോഗ്യ വകുപ്പും തുടരുന്ന അനാസ്ഥയുടെ സ്മാരകം.
സുഗന്ധഗിരി ഭാഗത്തെ രോഗികൾ ആശുപത്രിയിൽ വരാൻ മടിക്കുകയാണ്. നേരത്തെ ദിവസവും നൂറിലധികം രോഗികൾ വന്നിടത്ത് ഇപ്പോൾ നാലിലൊന്നായി ചുരുങ്ങി. ശൗചാലയങ്ങൾ വൃത്തിഹീനവും ഉപയോഗശൂന്യവുമാണ്. ഡോക്ടറുടെ മുറിയോട് ചേർന്ന ടോയ്ലറ്റാണ് എല്ലാവരും ഉപയോഗിക്കുന്നത്. ജീവനക്കാരും രോഗികളും അപകടം പതിയിരിക്കുന്ന ഈ മേൽക്കൂരക്ക് കീഴിൽ പേടിച്ചാണ് കഴിയുന്നത്. നനഞ്ഞുകുതിർന്ന ചുവരുകളിൽ പലയിടത്തും വൈദ്യുതി പ്രവാഹമുണ്ട്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാൻ വൈത്തിരിയിലുള്ളവർ ഈ ആരോഗ്യ കേന്ദ്രത്തിലെത്തണം. ജീവനക്കാർക്ക് ഇരിക്കാൻ പോലും സൗകര്യമില്ല. ഡോക്ടറും ആശുപത്രി ജീവനക്കാരും ഫീൽഡ് ജീവനക്കാരുമടക്കം 25 പേർ ഇവിടെയുണ്ട്.
പ്രാഥമികാരോഗ്യകേന്ദ്രം പൊളിഞ്ഞുവീഴാറായ അവസ്ഥയായിട്ടും 2019-2020 വർഷം ആർദ്രം പദ്ധതി പ്രകാരം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുകയും ഡോക്ടറടക്കമുള്ള ജീവനക്കാരുടെ പോസ്റ്റ് ഉണ്ടാക്കുകയും ചെയ്തിരുന്നു. ഡോക്ടറെയും ജീവനക്കാരെയും നിയമിക്കുകയും ചെയ്തു. ഇതോടൊപ്പം ലാബിനാവശ്യമായ സാമഗ്രികൾ ഇവിടെ എത്തിച്ചു. എന്നാൽ, സാമഗ്രികൾ നാശത്തിെൻറ വക്കിലാണ്. നേരത്തെ ഇതേ പദ്ധതിയിൽ ഹെൽത്ത് സെൻറർ കെട്ടിടത്തിനും മറ്റുമായി 84 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കുകയും 40 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാറിെൻറ കോർപസ് ഫണ്ട് പ്രകാരം സുഗന്ധഗിരിയിൽ ബഹുനില കെട്ടിടം, സമഗ്രമായ റോഡ്, കൺവെൻഷൻ സെൻറർ എന്നിവക്കായി 40 കോടി രൂപയുടെ പ്ലാൻ തയാറായിട്ടുണ്ടത്രെ.
വൈത്തിരി പഞ്ചായത്തിന് കീഴിൽ വരേണ്ട ഹെൽത്ത് സെൻറർ നിലകൊള്ളുന്നത് പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരിയിലാണ്. ഇതുമൂലം ഇരുപഞ്ചായത്തുകളും കെട്ടിടം നന്നാക്കാൻ മുന്നോട്ടു വരുന്നില്ലെന്നതാണ് സത്യം. വൈത്തിരി പഞ്ചായത്തുമായി ഒത്തുചേർന്നു കെട്ടിടം പുതുക്കിപ്പണിയാനുള്ള പ്രോജക്ട് തയാറായിട്ടുണ്ടെന്നും ലോക്ഡൗൺ കാരണം മറ്റു കാര്യങ്ങൾ നടക്കാതെ പോയതാണെന്നും പൊഴുതന പഞ്ചായത്ത് പ്രസിഡൻറ് എൻ.സി. പ്രസാദ് പറഞ്ഞു. കെട്ടിടത്തിെൻറ അപകടാവസ്ഥ ജില്ല കലക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെടുകയും ചെയ്തതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക പറഞ്ഞു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായും ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. ജീവനക്കാർ വളരെ കഷ്ടപ്പെട്ടാണ് ഈ സ്ഥാപനത്തിൽ എത്തിച്ചേരുന്നതും ജോലി ചെയ്യുന്നതും.
വൈത്തിരിയിൽനിന്ന് സുഗന്ധഗിരി ഹെൽത്ത് സെൻററിലെത്താൻ അഞ്ചര കിലോമീറ്ററോളമുണ്ട്. കോളിച്ചാൽ ഭാഗം കഴിഞ്ഞാൽ സുഗന്ധഗിരി വരെ പൊട്ടിപ്പൊളിഞ്ഞ റോഡാണ്. വല്ലപ്പോഴും വരുന്ന കെ.എസ്.ആർ.ടി.സി ബസാണ് ആശ്രയം. ഇപ്പോൾ അതും ഓടുന്നില്ല. ആതുരാലയത്തിലെത്താൻ ജീവനക്കാരും രോഗികളും ഏറെ ദുരിതം സഹിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.