സുൽത്താൻ ബത്തേരി: കാരക്കണ്ടിയിൽ കഴിഞ്ഞ 22ന് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട ദുരൂഹത പുറത്തു കൊണ്ടുവരണമെന്ന ആവശ്യം ശക്തമായി. അപകടത്തിന് കാരണം വെടിമരുന്നാണെന്ന പ്രാഥമിക നിഗമനത്തിൽനിന്ന് അന്വേഷണം കാര്യമായി പുരോഗമിച്ചിട്ടില്ല. മനുഷ്യ ജീവന് ഹാനികരമാകുന്ന രീതിയിൽ സ്ഫോടക വസ്തു വീടിനടുത്തെ ഷെഡിൽ എങ്ങനെ എത്തിയെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല.
മൂന്ന് കുട്ടികളുടെ ജീവൻ പൊലിഞ്ഞിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നു. സ്ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ടവരെ ഉടൻ കണ്ടെത്തണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
ലോക്ഡൗൺ നിയന്ത്രണം നിലനിൽക്കുന്നതു കൊണ്ടു മാത്രമാണ് പ്രത്യക്ഷ പ്രതിഷേധ സമരങ്ങൾ ഉയർന്നുവരാത്തത്. വീടും പരിസരവും മൂന്ന് വർഷമായി ആരും ശ്രദ്ധിക്കാത്ത നിലയിലായിരുന്നു. സ്ഫോടക വസ്തു സൂക്ഷിക്കാൻ ഈ അവസരം ആരോ ഉപയോഗപ്പെടുത്തിയെന്നും സംശയിക്കുന്നു.
മൂന്ന് കുട്ടികളുടെ വേർപാട് വലിയ ദുഃഖമുണ്ടാക്കുന്നതാണന്നും സംഭവത്തിലെ കുറ്റവാളികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കണമെന്നും കോൺഗ്രസ് നേതാവ് ബാബു പഴുപ്പത്തൂർ ആവശ്യപ്പെട്ടു. സ്ഫോടനം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ആരേയും പിടികൂടാൻ കഴിയാത്തത് പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.പി. അയ്യൂബ് പറഞ്ഞു. സ്ഫോടനം നടന്ന ഷെഡ് സീൽ ചെയ്യാൻ നഗരസഭ ഇതുവരെ തയാറായിട്ടില്ല. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് 25 ലക്ഷം വീതം നഷ്ടപരിഹാരം കൊടുക്കാൻ സർക്കാർ തയാറാകണം. കോവിഡ് നിയന്ത്രണമില്ലായിരുന്നെങ്കിൽ മുസ്ലിം ലീഗ് ഇക്കാര്യമുന്നയിച്ച് സമരത്തിനിറങ്ങുമായിരുന്നു. കുറ്റക്കാർക്കെതിരെ മുഖംനോക്കാതെയുള്ള നടപടിയാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലയിൽ ക്വാറികളില്ലാത്തതിനാൽ ശക്തിയേറിയ സ്ഫോടക വസ്തു എങ്ങനെ എത്തിയെന്നത് നിസ്സാരമായി കാണാനാകില്ലെന്ന് ബി.ജെ.പി. നേതാവ് പ്രശാന്ത് മലവയൽ പറഞ്ഞു. സ്ഫോടനം നടന്ന ഷെഡിന് നമ്പർ ഇല്ലാത്തതുകൊണ്ടാണ് നഗരസഭ സീൽ ചെയ്യാത്തതെന്ന് ചെയർമാൻ ടി.കെ. രമേശ് പ്രതികരിച്ചു. അനധികൃതമായി സ്ഫോടക വസ്തു സൂക്ഷിച്ചവരെ പൊലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷ. കുടുംബങ്ങൾക്ക് നഷ്ടപരിഹാരം കൊടുക്കാൻ നഗരസഭ എന്ന നിലയിലാവില്ല. ഇക്കാര്യം ജില്ല കലക്ടറുടേയും മറ്റും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.
സുൽത്താൻ ബത്തേരി: ആളൊഴിഞ്ഞ ഷെഡിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗുരുതര പൊള്ളലേറ്റ മൂന്നു കുട്ടികൾ ചികിത്സയിലിരിക്കെ മരിച്ചിട്ടും സംഭവത്തിെൻറ സത്യാവസ്ഥ കണ്ടെത്താനോ കുറ്റക്കാരെ പിടികൂടാനോ കഴിയാത്തത് പൊലീസിെൻറ അനാസ്ഥയും പിടിപ്പുകേടുമാണെന്ന് കോൺഗ്രസ് സേവാദൾ ജില്ല പ്രസിഡൻറ് അനിൽ എസ്. നായർ ആരോപിച്ചു.
അപകടകരമാകും വിധം ആൾതാമസമില്ലാത്ത വീട്ടിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചവരെ കണ്ടെത്തി നടപടിയെടുക്കാൻ അധികൃതർ തയാറായിട്ടില്ല. നിഷ്കളങ്കരായ മൂന്ന് കുഞ്ഞുങ്ങളുടെ ജീവനെടുക്കാൻ കാരണക്കാരായ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ നീതിക്കായി കുട്ടികളുടെ കുടുംബത്തോടൊപ്പം നിൽക്കും.
കുറ്റവാളികളെ ഉടൻ കണ്ടെത്താൻ അടിയന്തര ഇടപെടൽ നടത്തണമെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.