സുൽത്താൻ ബത്തേരി: കല്ലൂര്‍ ചുണ്ടപ്പാടിയില്‍ കാട്ടാനയുടെ ശല്യത്തിൽ പൊറുതുമുട്ടി കർഷകർ. നിരവധി കർഷകരുടെ വിളകളാണ് വ്യാപകമായി കാട്ടാന നശിപ്പിക്കുന്നത്. വനത്താല്‍ ചുറ്റപ്പെട്ട കല്ലൂര്‍, ചുണ്ടപ്പാടി, മാറോട് മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് പ്രദേശവാസികളിൽ ഭൂരിഭാഗവും.
വനാതിര്‍ത്തികളില്‍ ഫെന്‍സിങ്ങും വാച്ചര്‍മാരും എല്ലാം ഉണ്ടെങ്കിലും വന്യമൃഗ ശല്യത്തിന് യാതൊരു കുറവുമില്ല. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നാണ് കർഷകരുടെ പരാതി. കാട്ടാന ശല്യം കാരണം നിരവധി കർഷകരാണ് ഇവിടെ കൃഷി ഉപേക്ഷിച്ചത്. കാട്ടാനക്കുപുറമേ മറ്റു മൃഗങ്ങളും കൃഷിയിടത്തിൽ ഇറങ്ങുന്നത് പതിവാണ്. പ്രദേശത്ത് കടുവ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഫെന്‍സിങ് തകര്‍ത്ത് വയലിലിറങ്ങിയ കാട്ടാന ചുണ്ടപ്പാടി രഘുനാഥിന്റെ നെല്‍കൃഷിയുടെ ഭൂരിഭാഗവും നശിപ്പിച്ചു.
കാര്‍ഷിക വായ്പയെടുത്തും വ്യക്തികളിൽനിന്ന് കൈ വായ്പ വാങ്ങിയുമാണ് രഘുനാഥ് കൃഷിയിറക്കിയിരുന്നത്. കാട്ടാന കൃഷി നശിപ്പിച്ചതോടെ കടക്കെണിയില്‍ കുടുങ്ങിയിരിക്കുകയാണ് ഈ കര്ഷകന്. രഘുനാഥിന് പുറമേ പലരുടെയും കാര്‍ഷിക വിളകള്‍ നശിപ്പിച്ചിട്ടുണ്ട്. പലതവണ വനപാലകരോട് പരാതി പറഞ്ഞിട്ടും നടപടിയൊന്നുമില്ലന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. നഷ്ടപരിഹാരത്തിന് അപേക്ഷ നല്കിയാല് തുക അനുവദിക്കുന്നില്ലെന്നു ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.