മുണ്ടക്കൈ: മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഉരുൾദുരന്ത പ്രദേശത്തെ ഗോ, നോ ഗോ സോൺ മേഖലയിലെ അടയാളപ്പെടുത്തൽ തുടങ്ങി. ഉരുൾപൊട്ടൽ പ്രദേശത്തെ ഭൂമിശാസ്ത്ര വിഷയങ്ങൾ പഠിക്കാൻ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി നിർദ്ദേശിച്ച സ്ഥലങ്ങളിലാണ് അടയാളപ്പെടുത്തൽ നടത്തുന്നത്.
പുഴയിൽ ഉരുൾ അവശിഷ്ടങ്ങൾ അടിഞ്ഞ് കൂടിയ ഭഗത്തുനിന്നും മുപ്പത് മീറ്ററും ചില ഭാഗങ്ങളിൽ 50 മീറ്ററുമാണ് സമിതി നിശ്ചയിച്ച ഗോ, നോ ഗോ സോൺ പരിധി. എന്നാൽ, ഉരുൾദുരന്തബാധിതമേഖലകളിൽ ചിലത് വാസയോഗ്യമാണെന്നാണ് പ്രഫ.ജോൺ മത്തായി വിദഗ്ധ സമിതി സർക്കാറിന് നൽകിയ റിപ്പോർട്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന അടയാളപ്പെടുത്തൽ സംബന്ധിച്ച് ജനങ്ങൾക്ക് ആശങ്കയുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദുരന്തസ്ഥലത്ത് അതിർത്തി നിർണയം നടത്തി പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ പട്ടിക തയാറാക്കാൻ സർക്കാർ തീരുമാനിച്ചത്.
പുന്നപ്പുഴക്ക് ഇരുകരയിലും പുഞ്ചിരിമട്ടത്തിന് മുകളിലേക്ക് 50 മീറ്റര്‍ അപ്പുറവും പുഞ്ചിരിമട്ടത്തിന് താഴെ ഭാഗത്ത് 30 മീറ്ററിന് അപ്പുറവും വാസയോഗ്യമാണെന്നാണ് വിദഗ്ധ സമിതി സർക്കാറിന് നൽകിയ പുതിയ ക്രോഡീകരിച്ച റിപ്പോര്‍ട്ടിലുള്ളത്. നേരേത്ത ഇത് പ്രകാരമുള്ള അടയാളപ്പെടുത്തൽ നാട്ടുകാർ തടഞ്ഞിരുന്നു.
ചൊവ്വാഴ്ച പത്താം വാർഡിലെ അടയാളപ്പെടുത്തൽ പൂർത്തിയായിട്ടുണ്ട്. 30ഓളം ഉദ്യോഗസ്ഥരാണ് നടപടികൾ സ്വീകരിക്കുന്നത്. പ്രദേശവാസികളും സ്ഥലത്തുണ്ടായിരുന്നു. സമിതി നിർദ്ദേശിച്ച സ്ഥലങ്ങളിൽ മാർക്ക് ചെയ്യുമ്പോൾ ഏതെങ്കിലും വീടുകൾ ഒറ്റപ്പെടുകയാണെങ്കിൽ അവ ടൗൺഷിപ്പ് ഗുണഭോക്തൃ പട്ടികയിലേക്ക് പരിഗണിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
അധികൃതരുടെ ഉറപ്പിൽവിശ്വസിക്കുകയാണെന്നും വാഗ്ദാനം പാലിച്ചില്ലെങ്കിൽ പ്രതിഷേധമുണ്ടാവുമെന്നും അതിജീവിതരുടെ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.