പുൽപ്പള്ളി: പുൽപ്പള്ളി അമരക്കുനിയിലും കടുവ ഭീതി. അമരക്കുനി നാരകത്തറ പാപ്പച്ചന്റെ രണ്ട് വയസ്സ് പ്രായമുള്ള ആടിനെ കടുവ കൊന്നുതിന്നു. ആർ.ആർ.ടി സംഘമടക്കമുള്ള വനപാലകർ പ്രദേശത്ത് തിരച്ചിൽ നടത്തി. ജനവാസ മേഖലയിൽ കടുവ ഇറങ്ങിയത് ആളുകളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് വീട്ടുകാർ ആടിനെ കടുവ കൊലപ്പെടുത്തിയ വിവരം അറിയുന്നത്. കൂട്ടിലുണ്ടായിരുന്ന രണ്ട് ആടുകളിലൊന്നിനെയാണ് കടുവ കൊന്നത്.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് വനപാലകരെത്തി തിരച്ചിൽ നടത്തി. ആടിനെ പിടികൂടിയ വീടിന്റെ പരിസരത്തുനിന്നും 100 മീറ്റർ മാറി ആടിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി. പാതി ഭാഗം ഭക്ഷിച്ച നിലയിലാണ്. രാവിലെ മുതൽ വനപാലകർ സ്ഥലത്ത് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു.
കടുവയെ വനപാലകർ നിരീക്ഷിച്ചുവരികയാണ്. ഈ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ മാറിയാണ് കുറിച്യാട് വനം. കൊലപ്പെടുത്തിയ ആടിനെ വെറ്ററിനറി സർജൻ ഡോ. പ്രേമൻ പോസ്റ്റ് മോർട്ട് നടത്തി. കടുവയെ പിടികൂടാനുള്ള കൂട് വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.
കടുവയെ പിടികൂടി ജനങ്ങളുടെ ആശങ്ക ഒഴിവാക്കണമെന്നാണ് ആവശ്യം. കൽപറ്റ നഗരത്തിനടുത്ത പെരുന്തട്ടയും കടുവ ഭീതിയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ കടുവ ഇവിടെ പശുക്കളെ കൊന്നിരുന്നു.
പുൽപ്പള്ളി: മേഖലയിൽ വീണ്ടും കടുവ ഇറങ്ങി വളർത്തു മൃഗത്തെ പിടികൂടിയ സംഭവം ജനത്തെ ആശങ്കയിലാക്കി. കഴിഞ്ഞ വർഷം ഇതേ സമയത്ത് പുൽപ്പള്ളി മുള്ളൻ കൊല്ലി മേഖലയിലെ പല സ്ഥലങ്ങളിൽ ഇറങ്ങി നിരവധി വളർത്തുമൃഗങ്ങളെ പിടികൂടിയിരുന്നു.
സമാനമായ രീതിയിലാണ് ഈ വർഷവും കാര്യങ്ങൾ. കുരുമുളക്, കാപ്പി എന്നിവയുടെ വിളവെടുപ്പ് സീസണാണിത്. കടുവ ഭീഷണി ഉണ്ടായാൽ തോട്ടങ്ങളിൽ പണിക്ക് പോകാൻ പറ്റാത്ത അവസ്ഥ സംജാതമാവും. ഇത് കാർഷിക വിളകളുടെ മോഷണം വർധിക്കുന്നതിന് കാരണമാകുമെന്നും കർഷകർ പറയുന്നു.
തോട്ടങ്ങളിലേക്ക് എത്താതിരുന്നതോടെ മോഷ്ടാക്കൾ കാർഷിക വിളകൾ അപഹരിച്ച സംഭവങ്ങൾ മുൻ വർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.