കൽപറ്റ: ആത്മഹത്യക്കുമുമ്പ് വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയൻ എഴുതിയ കത്തുകൾ തള്ളി വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ. ആത്മഹത്യ കുറിപ്പിൽ പറയുന്ന കാര്യങ്ങളിൽ യാതൊരു വാസ്തവുമില്ലെന്നും അത്തരമാരു ഇടപാട് ഞാൻ നടത്തിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘മരിക്കാൻ പോകുന്നയാൾക്ക് ആരുടെ പേര് വെണമെങ്കിലും എഴുതിവെക്കാലോ? ഒരാൾ കുടുങ്ങിക്കോട്ടെ എന്ന് കരുതി മനപൂർവം എഴുതിവെച്ചതാണെങ്കിൽ എന്തുചെയ്യാൻ പറ്റും? വിജയൻ പണം വാങ്ങിച്ചത് എന്താവശ്യത്തിനാണെന്ന് അറിയില്ല. പണമിടപാടിന്റെ പേരിൽ വിജയന്റെ ഭൂമി കണ്ടുകെട്ടിയിരുന്നു. മരണശേഷം വക്കീലുമായി ബന്ധപ്പെട്ടപ്പോഴാണ് എനിക്ക് ഇക്കാര്യം മനസ്സിലായത്. അങ്ങേർക്ക് (വിജയന്) വലിയ കടങ്ങൾ ഉണ്ട് എന്ന് പറയുന്നു. എന്തിനാണ് വാങ്ങിയതെന്നോ എങ്ങനെ കടം വന്നു എന്നോ എനിക്കറിയില്ല. നെഞ്ചിൽ കൈവെച്ച് തന്നെ ഇത് പറയാൻ കഴിയും. അങ്ങേര് വ്യക്തിപരമായി വല്ല ആവശ്യത്തിനും പണം വാങ്ങിയത് പാർട്ടി ഏറ്റെടുക്കേണ്ട ആവശ്യമില്ല’ -അപ്പച്ചൻ പറഞ്ഞു.
‘2017- 19 കാലയളവിലാണ് ഇടപാട് നടന്നതെന്ന് പറയുന്നു. ഞാനന്ന് ഡി.സി.സി പ്രസിഡന്റല്ല. എനിക്ക് മുമ്പ് ഐ.സി. ബാലകൃഷ്ണൻ, കെ.എൽ. പൗലോസ്, പി.വി. ബാലചന്ദ്രൻ എന്നീ മൂന്നുപേർ പ്രസിഡന്റായി ഉണ്ടായിരുന്നു. അവർ മൂന്നാളുകളും ഉള്ള കാലത്താണ് ഈ സംഭവങ്ങൾ ഒക്കെ എന്നാണ് പറയുന്നത്. ഞാൻ അതിൽ ഭാഗഭാക്കല്ല. വ്യക്തിപരമായി ഞാനും വിജയനും നല്ല ബന്ധമാണ്. കഴിഞ്ഞ 19ന് നടന്ന ഡി.സി.സി ജനറൽ ബോഡിയിൽ പോലും വിജയൻ പങ്കെടുത്തിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ഇക്കാര്യങ്ങൾ അന്ന് എന്നോട് പറയണമല്ലോ’ -അപ്പച്ചൻ പറഞ്ഞു.
അതിനിടെ, വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ.പി.സി.സി നിയോഗിച്ച സമിതി ബുധനാഴ്ച കൽപറ്റയിൽ എത്തും. രാവിലെ 10ന് കൽപറ്റ ഡി.സി.സി ഓഫിസിലെത്തുന്ന സമിതി അംഗങ്ങൾ തുടർന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകും. കെ.പി.സി.സി അച്ചടക്ക സമിതി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്, രാഷ്ട്രീയകാര്യസമിതി അംഗം സണ്ണി ജോസഫ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരാണ് സമിതിയിലുള്ളത്.
കത്ത് നേതാക്കൾക്ക് എത്തിച്ചശേഷം 10 ദിവസം കാത്തിരിക്കണമെന്നും എന്നിട്ടും പ്രതികരണം ഉണ്ടായില്ലെങ്കിൽ മാത്രം മാധ്യമങ്ങൾക്ക് കൊടുത്താൽ മതിയെന്നും വിജയൻ ആത്മഹത്യക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. മരിച്ചതിനുശേഷം 10 ദിവസം വരെ കത്ത് പുറത്തുവരാത്തതിന് കാരണം ഇതാണ്. കത്ത് പുറത്തായതോടെ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ കൂടുതൽ പ്രതിരോധത്തിലായി. സുൽത്താൻ ബത്തേരി അർബൻ ബാങ്കിലെ നിയമനങ്ങൾക്ക് ആരോടും പണം വാങ്ങിയിട്ടില്ലെന്നും ഏത് അന്വേഷണത്തേയും നേരിടാൻ തയാറാണെന്നും ഐ.സി. ബാലകൃഷ്ണൻ ആവർത്തിക്കുന്നുണ്ട്.
എന്നാൽ, അർബൻ ബാങ്കിൽ തന്റെ ഇളയ മകന്റെ ജോലി നഷ്ടപ്പെടുത്തിയത് ഐ.സി. ബാലകൃഷ്ണൻ ആണെന്നും മറ്റൊരാളെ നിയമിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും കത്തിൽ ആരോപിക്കുന്നു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ ഡി.സി.സി ട്രഷറർ കെ.കെ ഗോപിനാഥൻ, അന്തരിച്ച മുൻ ഡി.സി.സി പ്രസിഡന്റ് പി.വി. ബാലചന്ദ്രൻ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിലുള്ളത്. താൻ മരിക്കുകയാണെങ്കിൽ ഉത്തരവാദികൾ കത്തിൽ പേരുള്ള നേതാക്കളാണെന്നും അതിലുണ്ട്. എം.എൽ.എയെ വിടാതെ പിന്തുടരുന്ന സി.പി.എമ്മിന് കത്ത് വലിയ അടിയാണ് നൽകിയത്. തിങ്കളാഴ്ച വൈകീട്ട് ഡി.വൈ.എഫ്.ഐ വർധിത ഊർജത്തിൽ എം.എൽ.എയുടെ ഓഫിസിലേക്ക് തള്ളിക്കയറിയതും കത്തിന്റെ പിൻബലത്തിലാണ്. ബുധനാഴ്ച രാത്രി ബത്തേരി നഗരത്തിൽ നൈറ്റ് മാർച്ച് നടത്താൻ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. എം.എൽ.എ രാജിവെക്കണമെന്നാണ് ആവശ്യം.
അതേസമയം, പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന്റേയും വിജിലൻസിന്റേയും അന്വേഷണം പുരോഗമിക്കുകയാണ്. എൻ.എം. വിജയന്റെ കുടുംബം നൽകിയ കത്തുകൾ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. കത്തുകളിൽ പരാമർശിക്കുന്നവരുടെ മൊഴിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.