കൽപറ്റ: ജില്ലയില്‍ വന്യമൃഗങ്ങൾ മൂലമുണ്ടാകുന്ന കൃഷിനാശം തടയാന്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്ര കര്‍മപദ്ധതി ഒരുങ്ങുന്നു. വനം വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. വന്യജീവികള്‍ കൃഷിയിടത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് നിരവധി കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമാണ്. ഇതിന് പരിഹാരം കാണുകയാണ് ലക്ഷ്യം. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 3.88 കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതില്‍ 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടുമാണ്.
പദ്ധതിയിലൂടെ 130 കി.മീറ്റര്‍ നീളത്തില്‍ സോളാര്‍ ഫെന്‍സിങ്, ഹാംഗിങ് ഫെന്‍സിങ് പോലുള്ള വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിനനുയോജ്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍മാര്‍ക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലായി തിരഞ്ഞെടുത്ത പഞ്ചായത്തുകളിലാണ് വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കുക. മുന്‍ഗണന പട്ടിക കൃഷി ഓഫിസര്‍മാര്‍, കൃഷി അസി. ഡയറക്ടര്‍മാര്‍ മുഖേന നല്‍കിയിട്ടുണ്ട്.
പദ്ധതിക്കനുയോജ്യമായ ഏരിയ കണ്ടെത്തുന്നതിനായി കൃഷി അസി. ഡയറക്ടര്‍മാര്‍, ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍മാര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവരടങ്ങുന്ന സംയുക്ത പരിശോധന നവംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കും. നവംബര്‍ 12നകം പദ്ധതിയുടെ അന്തിമ രൂപരേഖ സമര്‍പ്പിക്കും. മാര്‍ച്ച് 31നകം പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാടശേഖരങ്ങളില്‍ വന്യജീവി പ്രതിരോധ നിയന്ത്രണ മാര്‍ഗങ്ങള്‍ നടപ്പാക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ പഠനം നടത്തും. വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിന് അനുയോജ്യമായ നിയന്ത്രണ മാർഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പദ്ധതി അന്തിമമാക്കുന്നതിനും ജില്ലതല സമിതി യോഗം ചേര്‍ന്നു. എം.എല്‍.എമാരായ ഒ.ആര്. കേളു, ഐ.സി. ബാലകൃഷ്ണന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അജിത് കുമാര്‍, സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജി വർഗീസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.