കൽപറ്റ: മുട്ടിൽ വില്ലേജിലെ റവന്യൂ പട്ടയ ഭൂമിയിൽനിന്ന് കടത്തിക്കൊണ്ടുപോകാനായി അനധികൃതമായി മുറിച്ചിട്ട വീട്ടിമരങ്ങൾ കണ്ടുകെട്ടിത്തുടങ്ങി. വാഴവറ്റ ഭാഗത്തെ പട്ടയഭൂമിയിൽ മുറിച്ചിട്ട 40 ക്യുബിക് മീറ്റർ വീട്ടിമരങ്ങളാണ് കണ്ടുകെട്ടി കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി വനം, റവന്യൂ, പൊലീസ് സംയുക്തസംഘം കൂപ്പാടി ഡിപ്പോയിലേക്ക് മാറ്റിയത്.
പട്ടയഭൂമിയുടെ അവകാശികൾ, മരം മുറിച്ചവർ, വാങ്ങിയവർ എന്നിവർക്കെതിരെ വനം, റവന്യൂ വകുപ്പുകൾ ഏഴു കേസുകൾ വീതം ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വാഴവറ്റ, ആവലാട്ടുകുന്ന്, കരിങ്കണ്ണിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിൽനിന്നായി 170 ക്യുബിക് മീറ്റർ മരങ്ങൾ മുറിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് പറയുന്നു.
വരുംദിവസങ്ങളിൽ ഈ മരങ്ങളെല്ലാം കണ്ടുകെട്ടി ഡിപ്പോയിലേക്ക് മാറ്റും. 25ഓളം പേരുടെ ഭൂമിയിൽനിന്നായി വീട്ടിയടക്കം നൂറോളം വൻമരങ്ങളാണ് അനുമതിയില്ലാതെ മുറിച്ചത്. ഇവിടെനിന്ന് മുറിച്ചുകടത്തിയതെന്ന് കരുതുന്ന 20 ലക്ഷം രൂപ മതിക്കുന്ന രണ്ടുലോഡ് മരം പെരുമ്പാവൂരിൽനിന്ന് വനംവകുപ്പ് പിടിച്ചെടുത്തിരുന്നു. പിന്നാലെയാണ് വയനാട്ടിൽ നടന്ന ഏറ്റവും വലിയ മരംകൊള്ളയുടെ പിന്നാമ്പുറ കഥകൾ പുറത്തുവരുന്നത്.
സംഭവത്തിൽ വാഴവറ്റയിലെ മില്ലുടമ റോജി അഗസ്റ്റിനെതിരെ വനംവകുപ്പ് കേസെടുത്തെങ്കിലും ഒളിവിലാണ്.
അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറൻറ് വനംവകുപ്പ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മരംകൊള്ള നടന്നിട്ടും റവന്യൂ വകുപ്പിെൻറ മെല്ലപ്പോക്ക് വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.