തിരുവനന്തപുരം: തദ്ദേശവാർഡ് വിഭജനം സംബന്ധിച്ച് ലഭിച്ച പരാതികളിന്മേലുള്ള അന്വേഷണ റിപ്പോർട്ട് കലക്ടർമാർ ഡിസംബർ 26ന് മുമ്പ് ഡീലിമിറ്റേഷൻ കമീഷന് സമർപ്പിക്കും. പരാതികൾ പരിശോധിക്കാൻ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ 18നകം കലക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
അത് പരിശോധിച്ച ശേഷമാണ് ശിപാര്‍ശകളോടെ കലക്ടര്‍മാര്‍ 26നകം കമീഷന് നല്‍കുക. കലക്ടര്‍മാരുടെ റിപ്പോര്‍ട്ടിന് ശേഷമാണ് ജില്ലകളില്‍ ഡീലിമിറ്റേഷന്‍ കമീഷന്റെ സിറ്റിങ് നടക്കുക. ഇതില്‍ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടര്‍, പരാതി പരിശോധിച്ച ഉദ്യോഗസ്ഥന്, പരാതിയുമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി എന്നിവരാകും പങ്കെടുക്കുക.
വാർഡ് വിഭജനം സംബന്ധിച്ച കരട് റിപ്പോർട്ട് പ്രകാരം പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിൽനിന്ന് 1510 വാര്‍ഡുകള്‍ രൂപവത്കരിച്ചപ്പോള്‍ 16,896 പരാതികളാണ് ലഭിച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ 1375, മുനിസിപ്പാലിറ്റികളില്‍ 128, കോര്‍പറേഷനുകളില്‍ ഏഴ് ഉള്‍പ്പെടെയാണ് 1510 പതിയ വാര്‍ഡുകള്‍.
ഗ്രാമപഞ്ചായത്തുകളിലേത് അന്തിമമാക്കിയാല്‍ ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്നാംഘട്ടത്തില്‍ ജില്ല പഞ്ചായത്തുകളിലും വാര്‍ഡ് വിഭജനം നടക്കും. ഗ്രാമപഞ്ചായത്തുകളില്‍ -12425, മുനിസിപ്പാലിറ്റികളില്‍ -2864, കോർപറേഷനുകളില്‍ -1607 എന്നിങ്ങനെയാണ് കമീഷന് കിട്ടിയ പരാതികളുടെ കണക്ക്. 30 ഗ്രാമപഞ്ചായത്തുകളില്‍ ഒരുപരാതിയുമില്ല.
ഇവിടെ പരാതികൾ എന്തുകൊണ്ട് ഉണ്ടായില്ലെന്നും വിഭജനം സംബന്ധിച്ച് എന്തെങ്കിലും പോരായ്മകൾ ഉണ്ടോയെന്നും അന്വേഷിക്കും. അതിർത്തികൾ മാറിയത്, വീടുകൾ മനഃപൂർവമോ അല്ലാതെയോ ഒഴിവാക്കിയത്, വാർഡുകൾക്ക് പുതിയ പേരുകൾ നൽകിയത് തുടങ്ങിയവയാണ് പരാതികളിൽ മിക്കതും. ഒരേവിഷയം ചൂണ്ടിക്കാട്ടി ഒന്നിലേറെ പരാതികളും ലഭിച്ചിട്ടുണ്ട്.
ഇത് പരിശോധിക്കാൻ സംസ്ഥാനത്താകെ 1050 അന്വേഷണ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരുടെ പരിശോധന ആരംഭിച്ചുകഴിഞ്ഞു. എന്നാൽ, പരാതികൾ കൂടുതലുള്ള തിരുവനന്തപുരം കോർപറേഷൻ പോലെയുള്ള ചിലയിടങ്ങളിൽ ഒന്നിലേറെയാളുകളെ നിയമിച്ചിട്ടുണ്ട്.
പരാതികൾ സ്വീകരിക്കുക, നിരസിക്കുക, വാർഡ് വിഭജനത്തിൽ തിരുത്തലുകൾ ആവശ്യമോ എന്നീ മൂന്ന് കാര്യങ്ങളാണ് ഉദ്യോഗസ്ഥർ പരിശോധിക്കുക. ആവശ്യമെങ്കിൽ പരാതിക്കാരെ വിളിച്ചുവരുത്തും. ഡിസംബർ 18ന് മുമ്പ് ഇവർ കലക്ടർമാർക്ക് റിപ്പോർട്ട് നൽകും.
ഇവ പരിശോധിച്ച് 26ന് മുമ്പ് കലക്ടർമാർ സംസ്ഥാന ഡീലിമിറ്റേഷൻ കമീഷന് ശിപാർശകൾ സമർപ്പിക്കും. അതിനുശേഷം സിറ്റിങ് നടക്കും. 2025 ഡിസംബറിലാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.