കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളിൽ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കർ ഉപകരണവും എമർജൻസി ബട്ടണും സ്ഥാപിക്കാനുള്ള സമയപരിധി ഹൈകോടതി മാർച്ച് 31വരെ നീട്ടി നൽകി. നവംബർ 23ലെ കോടതി ഉത്തരവ് പ്രകാരം സംസ്ഥാനത്തെ പൊതുവാഹനങ്ങളിൽ 2021 ജനുവരി ഒന്ന് മുതൽ ഇവ നടപ്പാക്കേണ്ടതായിരുന്നെങ്കിലും നിലവിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി നൽകിയ ഇടക്കാല ഹരജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അനുവദിക്കുകയായിരുന്നു.
അതേസമയം, ഇനിയും കൂടുതൽ സമയം നീട്ടില്ലെന്നും ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാറുകളടക്കം എതിർകക്ഷികളോട് കോടതി നിർദേശിച്ചു.
പൊതുഗതാഗത വാഹനങ്ങളിൽ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കർ ഉപകരണവും എമർജൻസി ബട്ടണും സ്ഥാപിക്കണമെന്ന നിർദേശം സമയബന്ധിതമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് ആക്സിഡൻറ് ഫോറം ഉപദേശക സമിതി അംഗം ജാഫർഖാൻ ഉൾപ്പെടെ നൽകിയ പൊതുതാൽപര്യ ഹരജികളിലാണ് നവംബറിൽ ഇതേ ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവുണ്ടായത്.
എന്നാൽ, നിലവിലെ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയിൽ ഇത് നടപ്പാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീടാണ് സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള കാര്യങ്ങൾ രേഖാമൂലം ബോധ്യപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.