തിരുവനന്തപുരം: ലോക്ഡൗൺ നീട്ടിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രധാനമന്ത്രി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സംസ്ഥാനം ആവശ്യപ്പെട്ടത് ലോക്ഡൗൺ നീട്ടണമെന്നായിരുന്നു. ഘട്ടംഘട്ടമായി ലോക്ഡൗൺ പിൻവലിക്കുകയെന്നതാണ് സംസ്ഥാനം മുന്നോട്ടുവെച്ച നിലപാട്.
ലോക്ഡൗൺ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നിർദേശങ്ങൾ അനുസരിച്ചുള്ള തീരുമാനം കൈക്കൊള്ളും. കേന്ദ്രം അനുവദിച്ച ഇളവുകളും അതോടൊപ്പം സംസ്ഥാനം കേന്ദ്ര നിർദേശത്തിനനുസൃതമായി നൽകുന്ന ചില ഇളവുകളുമെല്ലാം എങ്ങനെ നടപ്പാക്കണമെന്നു സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യ വിൽപനശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാനത്തിൻെറ മുൻഗണനാ വിഷയമല്ല. അത് ഉയർന്ന തലത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷമെടുക്കേണ്ട തീരുമാനമാണ്. ഇക്കാര്യം എക്സൈസ് വകുപ്പും സർക്കാറും ആലോചിച്ച് തീരുമാനമെടുക്കും.
ലോകത്തെ മിക്ക രാജ്യങ്ങളും ജനങ്ങളുടെ സാമ്പത്തികാവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള വലിയ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും ഇന്ത്യ അങ്ങനെയൊരു പാക്കേജ് പ്രഖ്യാപിച്ചു കാണുന്നില്ല. കേന്ദ്രം അത്തരമൊരു പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണുള്ളതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.