ആറ്റിങ്ങലിൽ ആരാകും ജേതാവെന്നത് പ്രവചനാതീതം. സിറ്റിങ് എം.പി കോൺഗ്രസിലെ അടൂർ പ്രകാശിന് സി.പി.എം വർക്കല എം.എൽ.എ വി. ജോയ് കടുത്ത വെല്ലുവിളി ഉയർത്തിക്കഴിഞ്ഞു. ശക്തമായ സാന്നിധ്യമായി ബി.ജെ.പി സ്ഥാനാർഥി കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്തുണ്ടെങ്കിലും വിജയപ്രതീക്ഷയില്ല. വിജയം അടൂർ പ്രകാശിനായാലും വി. ജോയിക്കായാലും വോട്ടു വ്യത്യാസം വലുതാകാനിടയില്ല. പ്രചാരണത്തിൽ മുന്നിൽ എൽ.ഡി.എഫാണ്. സി.പി.എം ജില്ല സെക്രട്ടറിയായ വി. ജോയിക്കുവേണ്ടി പാർട്ടി സന്നാഹമൊന്നാകെ ആറ്റിങ്ങലിൽ കേന്ദ്രീകരിച്ചിരിക്കുന്നു. മണ്ഡലത്തിന്റെ മുക്കുമൂലകൾ പലകുറി താണ്ടിയ വി. ജോയ് നിറഞ്ഞുനിൽക്കുന്ന പ്രതീതിയുണ്ടാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് മാനേജ്മെന്റിൽ കോൺഗ്രസിലെ മിടുക്കരിലൊരാളാണ് അടൂർ പ്രകാശ്. ഇക്കുറി ലക്ഷത്തിലേറെ വരുന്ന ഇരട്ട വോട്ട് കണ്ടെത്തി കോടതിയെ സമീപിച്ച അടൂർ പ്രകാശ് എതിരാളിയുടെ ‘രഹസ്യായുധം’ തുടക്കത്തിലേ നിർവീര്യമാക്കി. പാർട്ടി സംവിധാനത്തിനൊപ്പം സ്വന്തം ടീമിനെ ഇറക്കിയാണ് അടൂർ പ്രകാശിന്റെ പടപ്പുറപ്പാട്. അപ്പോഴും പ്രചാരണത്തിൽ ബി.ജെ.പി സ്ഥാനാർഥി വി. മുരളീധരനെക്കാളും പിന്നിലാണ് അടൂർ പ്രകാശ്. മാസങ്ങൾക്കുമുമ്പ് ആറ്റിങ്ങലിൽ വീടെടുത്ത് താമസമാക്കി മുരളീധരൻ പ്രദേശവുമായി അടുപ്പം സ്ഥാപിച്ചിട്ടുണ്ട്.
2014ൽ 90,528 മാത്രമായിരുന്ന ബി.ജെ.പി വോട്ടുവിഹിതം 2019ൽ 2,48,081 ആക്കിയത് ശോഭ സുരേന്ദ്രനാണ്. അന്ന് വിജയിച്ച അടൂർ പ്രകാശിനെക്കാൾ ഒന്നേകാൽ ലക്ഷത്തോളം വോട്ടിന്റെ കുറവുണ്ട് ബി.ജെ.പിക്ക്. അത് മറികടക്കുക എളുപ്പമല്ല. ശോഭയെ ആലപ്പുഴയിലേക്ക് വിട്ട് മണ്ഡലം ചോദിച്ചുവാങ്ങിയ കേന്ദ്രമന്ത്രിക്ക് 2019ലെ വോട്ടുവിഹിതം നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ ക്ഷീണമാകും. മുസ്ലിം, നായർ, ഈഴവ വോട്ടുകൾ ഏറക്കുറെ തുല്യനിലയെന്നതാണ് ആറ്റിങ്ങൽ മണ്ഡലത്തിന്റെ സവിശേഷത. മൂന്ന് മുന്നണികളുടെ സ്ഥാനാർഥികളും ഈഴവ സമുദായക്കാരാണ്. വോട്ട് വിഭജിക്കുമെങ്കിലും കൂട്ടത്തിൽ വലിയ ഈഴവ നേതാവെന്ന പ്രതിച്ഛായയിൽ അടൂർ പ്രകാശിന് കൂടുതൽ വിഹിതം കിട്ടും. എസ്.എൻ.ഡി.പിയിലെ രണ്ടു ഗ്രൂപ്പുകളുമായും അടുപ്പമുള്ളയാളാണ് അദ്ദേഹം. മുസ്ലിം വോട്ടുകൾ പൊതുവിൽ യു.ഡി.എഫിന് അനുകൂലമാകാനാണ് സാധ്യത.
ക്രിസ്ത്യൻ സ്വാധീനമുള്ള തീരദേശ മേഖലയിൽ യു.ഡി.എഫിനാണ് സ്വാധീനം. നായർ മുന്നാക്ക വോട്ടുകൾ മൂവർക്കുമായി വിഭജിക്കപ്പെടും. ഇതൊക്കെയാണ് അടൂർ പ്രകാശിന് രണ്ടാം വിജയപ്രതീക്ഷ നൽകുന്ന ഘടകം. ഏഴ് നിയമസഭ മണ്ഡലങ്ങളും എൽ.ഡി.എഫിന്റെ കൈയിലാണെന്നത് വി. ജോയിക്ക് ആത്മവിശ്വാസം പകരുന്നു. നേരത്തേ ചിറയിൻകീഴ് ആയിരുന്ന മണ്ഡലം 2009ലാണ് ആറ്റിങ്ങലായത്. ഇവിടെ ആകെ നടന്ന 17 തെരഞ്ഞെടുപ്പുകളിൽ 11ലും വിജയിച്ചത് എൽ.ഡി.എഫാണ്. കഴിഞ്ഞ തവണ സിറ്റിങ് എം.പി എ. സമ്പത്തിനോടുള്ള നീരസം സി.പി.എം വോട്ട് ചോർത്തിയെങ്കിൽ ഇക്കുറി വി. ജോയിയുടെ ജനകീയ പ്രതിച്ഛായയിൽ മണ്ഡലം തിരിച്ചുപിടിക്കുന്നത് സ്വപ്നം കാണുകയാണ് സി.പി.എം. 2019ൽ 3,80,995 വോട്ടുനേടി 38,247 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അടൂർ പ്രകാശിന്റെ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.