തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് ആവർത്തിക്കുമ്പോഴും അവരുടെ ഏറ്റവും വലിയ ആവശ്യമായ സി.ബി.ഐ അന്വേഷണത്തിൽ വിയോജിച്ചതിലൂടെ അനാവൃതമാകുന്നത് വിഷയത്തിൽ സി.പി.എം തുടക്കം മുതൽ മറച്ചുവെക്കാൻ ശ്രമിച്ച ഇരട്ടമുഖം. സി.ബി.ഐ അന്വേഷണത്തിൽ സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കാനിരിക്കുന്നതേയുള്ളൂ. ഈ ഘട്ടത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ നയം വ്യക്തമാക്കിയത് സർക്കാർ നിലപാട് സംബന്ധിച്ച കൃത്യമായ സൂചനയാണ്.
കേന്ദ്ര ഏജൻസി എന്ന നിലയിൽ സി.ബി.ഐയോടുള്ള രാഷ്ട്രീയ സമീപനമെന്ന തരത്തിലാണ് എം.വി ഗോവിന്ദൻ വ്യാഖ്യാനിച്ചതെങ്കിലും അതിലൂടെ നവീൻ ബാബുവിന്റെ കുടുംബം ഉന്നയിച്ച ആവശ്യത്തെ പാർട്ടി നിരാകരിക്കുന്നെന്ന സന്ദേശം കൂടിയാണ് മുന്നോട്ടുവെക്കുന്നത്. കേന്ദ്ര ഏജൻസിക്ക് കേസ് കൈമാറുന്നതിൽ സർക്കാറിന് വിയോജിപ്പില്ലെന്ന് സമ്മതിക്കുന്നത് പൊലീസ് അന്വേഷണം പരാജയമെന്ന് സ്ഥാപിക്കുന്നതിന് തുല്യമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. ഇത് മറികടക്കാൻ സ്വീകരിച്ച സമീപനമാകട്ടെ, വിഷയത്തിൽ ഇതുവരെ സ്വീകരിച്ച നിലപാടിലെ ആത്മാർഥത ചോദ്യം ചെയ്യുന്നതായി. ഒപ്പം, ആരെയൊക്കെയോ സംരക്ഷിക്കാനുള്ള ശ്രമമെന്ന വ്യാഖ്യാനങ്ങൾക്കും ഇട നൽകുന്നു.
പൊലീസ് അന്വേഷണത്തിൽ അതൃപ്തി പ്രകടമാക്കി നവീൻ ബാബുവിന്റെ കുടുംബം കോടതിയെ സമീപിക്കുമെന്ന് സി.പി.എം പ്രതീക്ഷിച്ചിരുന്നില്ല. ആരോപണ വിധേയയെ ചുമതലകളിൽ നിന്ന് നീക്കുകയും സംഘടനപരമായി തരംതാഴ്ത്തുകയും ചെയ്തതിലൂടെ പരമാവധി ശിക്ഷ നൽകി എന്നതാണ് പാർട്ടി നിലപാട്. അതേസമയം ഉദ്യോഗസ്ഥന്റെ ജീവഹാനിക്കുതന്നെ കാരണമായ കൃത്യത്തിൽ പാർട്ടിയുടെ തരംതാഴ്ത്തലും ജനപ്രതിനിധിയെന്ന ചുമതലകളിൽ നിന്ന് നീക്കലും കൊണ്ട് നടപടി പൂർത്തിയാകുമോ എന്ന നൈതികമായ ചോദ്യവും ഉയരുന്നുണ്ട്.
നവീൻ ബാബു വിഷയത്തിൽ തുടക്കം മുതൽ തന്നെ പാർട്ടി നിലപാടുകളിൽ വൈരുധ്യമുണ്ട്. കണ്ണൂർ, പത്തനംതിട്ട ജില്ല കമ്മിറ്റികളുടെ പ്രസ്താവനകളാണ് അതിന് ആദ്യം അടിവരയിട്ടത്. ഇത്തരം ഘട്ടങ്ങളിൽ ഒരു നിലപാട് സ്വീകരിക്കുകയും പാർട്ടി സംവിധാനമൊന്നടങ്കം അത് ഏറ്റെടുക്കുന്നതുമാണ് പൊതുരീതി. എന്നാൽ, ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽ തന്ത്രപരമായ അടവുനയമാണ് വിഷയത്തിൽ പാർട്ടി സ്വീകരിച്ചത്. പാർട്ടി മുഖപത്രത്തിൽ രണ്ട് ജില്ല കമ്മിറ്റികളുടെയും വിരുദ്ധ പ്രസ്താവനകൾ ഒരേ പ്രാധാന്യത്തോടെ നൽകിയുള്ള ബാലൻസിങ് ആയിരുന്നു ആദ്യം.
ദിവ്യക്ക് ജാമ്യം ലഭിച്ചതിനെ തുടർന്ന് സി.പി.എം നേതാക്കൾ ജയിലിലെത്തി സ്വീകരിക്കാൻ ശ്രമിച്ചതോടെയാണ് ഇരട്ടമുഖം വെളിപ്പെട്ടുതുടങ്ങിയത്. അന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ച് കുടുംബം കോടതിയിലേക്ക് നീങ്ങിയതോടെ കുടുംബത്തെ പോലും തള്ളുന്ന നിലയിലേക്ക് പാർട്ടി മാറി എന്നതാണ് ഉപതെരഞ്ഞെടുപ്പിനുശേഷം വ്യക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.