ആലത്തൂർ: മൂന്ന് ലോക്സഭ തെരഞ്ഞെടുപ്പുകള്‍ മാത്രം കണ്ട ചരിത്രമുള്ള മണ്ഡലമാണ് ആലത്തൂര്‍ ലോക്സഭ മണ്ഡലം. ഒരു പക്ഷേ ആ 15 വർഷങ്ങൾ കൊണ്ടുതന്നെ രാഷ്ട്രീയ കേരളത്തിന്റെ മുഴുവൻ ശ്രദ്ധയും നേടാൻ തക്ക സംഭവവികാസങ്ങൾ കൊണ്ട് ശ്രദ്ധേയമായ മണ്ഡലം. തകരാത്ത കോട്ടമതിലുകളില്ലെന്നും കീഴടക്കാനാവാത്ത കോട്ടകളില്ലെന്നും സി.പി.എമ്മും കോൺഗ്രസും ഒരു പോലെ പാഠം പഠിച്ച മണ്ഡലം.
പാലക്കാട് ജില്ലയിലെ നാലും തൃശൂര്‍ ജില്ലയിലെ മൂന്നും നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആലത്തൂര്‍ ലോക്സഭ മണ്ഡലം. തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നിവയാണ് ആലത്തൂരിലെ ഏഴ് നിയമസഭ മണ്ഡലങ്ങള്‍. ഇക്കുറി എല്ലായിടത്തും ഇടത് എം.എൽ.എമാർ. കഴിഞ്ഞതവണയും ഒരിടത്തൊഴികെ എല്ലാ മണ്ഡലങ്ങളിൽ നിന്നും ഇടതുപക്ഷമാണ് നിയമസഭ കണ്ടത്. ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ തവണ സി.പി.എമ്മിന്റെ പ്രതീക്ഷകളെ ‘പാട്ടും പാടി’മലർത്തിയടിച്ചാണ് കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസ് കരുത്ത് കാട്ടിയത്. രമ്യ നൽകിയ ഷോക്കിൽ നിന്ന് തിരിച്ചുവരാൻ കെ. രാധാകൃഷ്ണൻ എന്ന പൂഴിക്കടകനുമായാണ് ഇത്തവണ സി.പി.എം ഇറങ്ങുന്നത്.
പാര്‍ലമെന്റ് മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയം നടപ്പാക്കിയതിനെ തുടര്‍ന്ന് 2008 ല്‍ പഴയ ഒറ്റപ്പാലം മണ്ഡലത്തിന്റെ ഭൂരിഭാഗവും ഉൾപ്പെടുത്തിയാണ് ആലത്തൂര്‍ രൂപവത്കരിച്ചത്. 2009 ലെ ലോക്സഭ തെരഞ്ഞെടുപ്പിലാണ് ആലത്തൂര്‍ ആദ്യമായി ‘പാര്‍ലമെന്റില്‍’എത്തുന്നത്. അന്ന് സി.പി.എമ്മിന്റെ പി.കെ. ബിജുവിലൂടെയാണ് എല്‍.ഡി.എഫ് മണ്ഡലം സ്വന്തമാക്കിയത്. 2014ലെ രണ്ടാമങ്കത്തിൽ ഭൂരിപക്ഷമുയർത്തി പി.കെ. ബിജു മണ്ഡലം ഒരിക്കൽ കൂടി പിടിച്ചതോടെ ഇടത് കോട്ട എന്ന വിശേഷണവും സ്വന്തമായി. ഭൂരിപക്ഷം 37,312 ആയി ഉയര്‍ത്തിയ പി.കെ. ബിജു 4,11,808 വോട്ടാണ് അന്ന് നേടിയത്. എതിര് സ്ഥാനാർഥി കോണ്‍ഗ്രസിലെ കെ.എ. ഷീബക്ക് 3,74,496 വോട്ടും ബി.ജെ.പിയുടെ ഷാജുമോന്‍ വട്ടേക്കാടിന് 87,803 വോട്ടും ലഭിച്ചു. നോട്ട 21,417 വോട്ട് നേടുന്നതിനും 2014 ലെ തെരഞ്ഞെടുപ്പ് സാക്ഷിയായി.
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ദേശീയവും തദ്ദേശീയവുമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ ആലത്തൂരും ഇടതിനെ കൈവിട്ടു. ഹാട്രിക് തേടി കളത്തിലിറങ്ങിയ പി.കെ. ബിജുവിന് കാലിടറിയപ്പോൾ 1,58,968 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയായിരുന്നു പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ കോഴിക്കോട് നിന്നെത്തി സ്ഥാനാർഥിയായ രമ്യയുടെ ജയം. 5,33,815 വോട്ടുകളാണ് രമ്യക്ക് ലഭിച്ചത്. ബിജുവിന് 3,74,847 വോട്ടുകളും ലഭിച്ചു. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിനൊപ്പം അടിത്തട്ടിലെ പ്രവര്‍ത്തകരുമായുള്ള ബന്ധത്തിലുണ്ടായ ഉലച്ചിലും പ്രാദേശികമായി സാന്നിധ്യമറിയിക്കാനാവാഞ്ഞതും പി.കെ. ബിജുവിന് വിനയായെന്നായിരുന്നു പിന്നീടുള്ള സി.പി.എം വിലയിരുത്തല്‍. കഴിഞ്ഞതവണ ബി.ജെ.പി മണ്ഡലം ബി.ഡി.ജെ.എസിന് വിട്ടുകൊടുക്കുകയായിരുന്നു. ബി.ഡി.ജെ.എസ് സ്ഥാനാർഥി ടി.വി. ബാബു 89,837 വോട്ടാണ് നേടിയത്.
രണ്ട് വർഷത്തിനിപ്പുറം നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിലും വിജയിച്ച് എൽ.ഡി.എഫ് ആത്മവിശ്വാസം തിരിച്ചുപിടിച്ചു. ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ സി.പി.എമ്മിനും കെ. രാധാകൃഷ്ണനും പ്രതീക്ഷ കൈവരുന്നതും ഈ ആത്മവിശ്വാസത്തിൽ നിന്നാണെന്ന് പറയാം. ആലത്തൂര്‍ ഉള്‍പ്പെടുന്ന ചേലക്കരയിലെ എം.എല്‍.എയാണ് രാധാകൃഷ്ണന്. ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലാത്ത സ്ഥാനാർഥി കൂടിയാണദ്ദേഹം. ചേലക്കരയിൽ നിന്ന് 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുൻ സ്പീക്കർ കൂടിയായ അദ്ദേഹം നിയമസഭയിലെത്തിയത്. തദ്ദേശീയൻ എന്നതിനുപരി പാർട്ടിയിലും രാഷ്ട്രീയ ജീവിതത്തിലും സൂക്ഷിക്കുന്ന ക്ലീൻ ഇമേജും വോട്ടാവുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിൽ കെ. രാധാകൃഷ്ണൻ സജീവമാണ്. മണ്ഡലത്തിൽ തികച്ചും സാധാരണക്കാരിയെന്ന പ്രതിഛായയിലാണ് രമ്യയുടെ പ്രതീക്ഷ. രമ്യയും ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യവും കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് മണ്ഡലത്തിൽ ഉണ്ടാക്കിയ ബന്ധങ്ങളും രമ്യയെ തുണക്കുമെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ കണക്കൂകൂട്ടൽ. എം.പി എന്ന നിലയിൽ രമ്യയെ ഉയർത്തിക്കാട്ടി സമൂഹമാധ്യമങ്ങളിൽ പ്രചാരണവും ഊർജിതമാണ്.
ഇക്കുറി ബി.ഡി.ജെ.എസിൽ നിന്ന് സീറ്റ് ഏറ്റെടുക്കുന്ന ബി.ജെ.പിക്കും ആലത്തൂരിൽ പ്രതീക്ഷ പലതാണ്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും ക്രമാനുഗതമായി വോട്ടുയർത്താനായത് പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പ്രാദേശികമായി പാർട്ടിയിലുണ്ടായ വിമത നീക്കവും രാജിയും ഒട്ടൊന്നുമല്ല വെല്ലുവിളിയായത്. പ്രാദേശിക തലത്തിൽ ചില നേതാക്കളുടെയും പ്രവർത്തകരുടെയും ഇടയിൽ നിലനിൽക്കുന്ന അസംതൃപ്തിയും ചേരിപ്പോരും പരിഹരിച്ചെന്നാവർത്തിച്ചാണ് മത്സരത്തിനിറങ്ങുന്നത്.
സംസ്ഥാന ചരിത്രത്തിൽ ലോക്സഭയിലേക്ക് ഇതിന് മുമ്പ് രണ്ട് മന്ത്രിമാരാണ് മത്സരത്തിനിറങ്ങിയത്. അതിൽ ആദ്യത്തെയാൾ സി.എച്ച്. മുഹമ്മദ് കോയയാണ്. 1973ൽ മഞ്ചേരി ഉപതെരഞ്ഞെടുപ്പിലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അദ്ദേഹം മുസ്ലിംലീഗിനുവേണ്ടി മത്സരരംഗത്തിറങ്ങിയത്. ആ തെരഞ്ഞെടുപ്പിൽ സി.എച്ച് ജയിച്ചു. എ.സി. ഷൺമുഖദാസാണ് മന്ത്രിക്കസേരയിലിരിക്കെ മത്സരത്തിറങ്ങിയ രണ്ടാമൻ. 1998ൽ കണ്ണൂരിൽ നിന്നാണ് ആരോഗ്യമന്ത്രിയായിരുന്ന അദ്ദേഹം കോൺഗ്രസ് എസിനായി മത്സരരംഗത്തിറങ്ങിയത്. പക്ഷേ, അദ്ദേഹം തോൽവിയേറ്റ് വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.