തിരുവനന്തപുരം: പാർട്ടി സംസ്ഥാന അധ്യക്ഷന്റെ പദയാത്ര സമാപനത്തിനാണ് പ്രധാനമന്ത്രി മോദി തലസ്ഥാനത്തെത്തിയതെങ്കിലും ഫലത്തിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തുടക്കമായിരുന്നു നടന്നത്. പതിവ് പ്രസംഗങ്ങളിൽനിന്ന് വ്യത്യസ്തമായി നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷ സംഖ്യത്തെ വിമർശിച്ചും സംസ്ഥാന സർക്കാറിനെ രാഷ്ട്രീയമായി കടന്നാക്രമിച്ചുമെല്ലാമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഒപ്പം ഗാരന്റിയായി വഗ്ദാനങ്ങളും. തെരഞ്ഞെടുപ്പ് യോഗത്തിന്റെ ആവേശത്തിലായിരുന്നു സദസ്സും.
തിരുവനന്തപുരം മണ്ഡലത്തിൽ മോദി ഇത്തരമൊരു പൊതുയോഗത്തിൽ പങ്കെടുക്കുമ്പോൾ പക്ഷേ, എൻ.ഡി.എയുടെ സ്ഥാനാർഥിയാര് എന്ന ചോദ്യത്തിന് ഉത്തരമില്ലായിരുന്നെന്നത് ആവേശത്തിനിടയിലും കല്ലുകടിയായി. തൃശൂരിലെ സ്ഥാനാർഥിയാകാൻ സാധ്യത കൽപിക്കുന്ന സുരേഷ് ഗോപിയടക്കം വേദിയിലെത്തുമ്പോഴായിരുന്നു ഇത്.
രാവിലെ പത്തിനായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്. ഒമ്പത് മുതൽ തന്നെ സെൻട്രൽ സ്റ്റേഡിയത്തിൽ ആളുകളെത്തിയിരുന്നു. എസ്. സുരേഷ്, വി.വി. രാജേഷ്, വി.ടി. രമ, കെ. സുരേന്ദ്രൻ, അനിൽ ആന്റണി, പി.സി. ജോർജ്, അബ്ദുല്ലക്കുട്ടി... തുടങ്ങി നേതാക്കുടെ പ്രസംഗങ്ങളായിരുന്നു ഇന്നേരമല്ലൊം. വി.എസ്.എസ്.സിയിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം ഉച്ചക്ക് 1.10നാണ് പ്രധാനമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിലെത്തിയത്. ആരവങ്ങളോടെയാണ് സദസ്സ് അദ്ദേഹത്തെ വരവേറ്റത്.
തലസ്ഥാനത്തോടുള്ള സ്നേഹം ആവർത്തിച്ചായിരുന്നു പ്രധാനമന്ത്രി സംസാരത്തുടക്കം. ‘തിരുവനന്തപുരത്ത് വരുന്നത് സന്തോഷമുള്ള കാര്യമാണ്. ഏറ്റവും സ്നേഹമുള്ള ആളുകളുള്ള നഗരമാണിത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് വന്നപ്പോള്‍ നഗരം നിറഞ്ഞുകവിഞ്ഞിരുന്നു. ഇവിടത്തെ ജനങ്ങള്‍ എക്കാലത്തും എന്നെ സ്നേഹിച്ചിട്ടുണ്ട്. ആ സ്നേഹം തിരിച്ചുനല്‍കാന്‍ കൂടുതല്‍ പരിശ്രമിക്കും. ‘ഇത്തവണ മലയാളികൾക്ക് കൂടുതൽ ആവേശം കാണുന്നെന്നും’ മോദി പറഞ്ഞു.
ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റുമെന്നും അതാണ് മോദിയുടെ ഗാരന്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ യുവാക്കൾക്ക് മികച്ച ഉന്നത വിദ്യാഭ്യാസവും മെച്ചപ്പെട്ട തൊഴിലും നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഉച്ചക്കുശേഷം പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് പോയി. ബുധനാഴ്ച ഉച്ചയോടെ തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 1.15 ന് മഹാരാഷ്ട്രയിലേക്ക് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.