കോഴിക്കോട്: ഔദ്യോഗികമായി പ്രഖ്യാപിച്ച് മിനിറ്റുകൾക്കുള്ളിൽ പ്രചാരണം തുടങ്ങി ജില്ലയിലെ എൽ.ഡി.എഫ് സ്ഥാനാർഥികൾ. വടകരയിലും കോഴിക്കോട്ടും സ്ഥാനാർഥികൾക്ക് വരവേൽപ് നൽകി. എൽ.ഡി.എഫ് കോഴിക്കോട് ലോക്സഭ മണ്ഡലം സ്ഥാനാർഥി എളമരം കരീമിന് നഗരത്തിൽ തുറന്ന ജീപ്പിൽ നൽകിയ വരവേൽപ് മുതലക്കുളത്ത് സമാപിച്ചു. സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷമുളള ആദ്യ പരിപാടിയിൽ വൻ ജനപങ്കാളിത്തമുണ്ടായി.
നോത്രാവതി എക്സ്പ്രസിൽ വൈകീട്ട് 6.05ന് നാലാം നമ്പർ പ്ലാറ്റ്ഫോമിലെത്തിയ എളമരം കരീമിനെ മുദ്രാവാക്യങ്ങളാൽ പ്രവർത്തകർ സ്വീകരിച്ചു. സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം എ. പ്രദീപ് കുമാർ, ജില്ല സെക്രട്ടറി പി. മോഹനൻ, എൽ.ഡി.എഫ് ജില്ല കൺവീനർ മുക്കം മുഹമ്മദ് എന്നിവർ ഷാളണിയിച്ചു. സ്റ്റേഷൻ പരിസരത്തു പ്രവർത്തകരെ അഭിവാദ്യം ചെയ്തു. തുറന്ന ജീപ്പിൽ മുതലക്കുളത്തേക്കുള്ള യാത്രയിൽ ചെണ്ട വാദ്യങ്ങളും പ്ലക്കാർഡുകളും ബാനറുകളും വർണ ബലൂണുകളുമായി സ്ത്രീകളും കുട്ടികളും പങ്കെടുത്തു. സമാപന യോഗത്തിൽ എളമരം കരീം സ്ഥാനാർഥിയായ ശേഷമുള്ള ആദ്യ പ്രസംഗവും മുതലക്കുളത്ത് നടത്തി.
കോഴിക്കോട്: മണ്ഡലത്തിൽ അനുകൂല സാഹചര്യമാണുള്ളതെന്ന് എളമരം കരീം എം.പി പറഞ്ഞു. രാജ്യം നേരിടുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാണ്. ഇന്ത്യൻ ഭരണഘടനയും രാജ്യത്തിന്റെ ഐക്യവും സംരക്ഷിക്കപ്പെടണമെങ്കിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ആവശ്യമാണ്.
അവസരവാദ നിലപാട് സ്വീകരിക്കുന്ന കക്ഷിക്ക് ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാവില്ല. എൽ.ഡി.എഫ് കൈക്കൊള്ളുന്ന സുവ്യക്തവും സുധീരവുമായ നിലപാട് ജനം അംഗീകരിക്കും. തങ്ങളുടെ തിളക്കമാർന്ന രാഷ്ട്രീയ നയത്തോട് മത്സരിക്കാൻ യു.ഡി.എഫിനോ ബി.ജെ.പിക്കോ സാധ്യമല്ലെന്നും കരീം മുതലക്കുളത്ത് പറഞ്ഞു.
വടകര: പാർലമെന്റ് തെരഞ്ഞെടുപ്പിൽ വടകരയിൽ ഉജ്ജ്വല വിജയം നേടുമെന്ന് എൽ.ഡി.എഫ് സ്ഥാനാഥി കെ.കെ. ശൈലജ. സ്ഥാനാർഥിയായി പ്രഖ്യാപനം വന്ന ശേഷം വടകരയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
തെരഞ്ഞെടുപ്പിൽ വടകരയിൽ നിഷ്പക്ഷരായ ഒട്ടേറെ പേർ ഞങ്ങളോടൊപ്പമുണ്ട് എന്നത് ആശ്വാസകരമാണ്. ഇന്ത്യൻ പാർലമെന്റിൽ ബി.ജെ.പിയിതര സർക്കാറുണ്ടാക്കാൻ എല്ലാ ജനാധിപത്യ പാർട്ടികളും സഹായിക്കുന്നുണ്ട്.
അങ്ങനെയൊരു ഗ്രൂപ്പിന്റെ ഭാഗമായി വലിയൊരു മാറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് ഞങ്ങൾ കരുതുന്നത്. കോൺഗ്രസ് എല്ലായിടത്തും തകരണമെന്ന് ഞങ്ങൾക്ക് ആഗ്രഹമില്ല. പക്ഷേ, നമ്മളാഗ്രഹിച്ചിട്ട് കാര്യമില്ല.
അവർക്ക് ഭരണത്തിൽ വരാൻ സീറ്റുകൾ ലഭിക്കില്ല. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് എം.എൽ.എമാരും എം.പിമാരും ബി.ജെ.പിയിലേക്ക് ചേക്കേറുകയാണ്. അത് അത്ര ഗുണകരമല്ലെന്നും ഇടത് എം.പിമാരാണ് വിജയിക്കേണ്ടതെന്നും അത് ഇത്തവണയുണ്ടാവുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.