ആലപ്പുഴ: കെ.സി. വേണുഗോപാലിന്റെ തേരോട്ടത്തിൽ ആലപ്പുഴയിൽ എൽ.ഡി.എഫിലെ എ.എം. ആരിഫ് കാലിടറിവീണു. 2019ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ഏക കനലായി ജ്വലിച്ചുനിന്ന ആരിഫിന്റെ പതനം എൽ.ഡി.എഫിന് കനത്ത ആഘാതമായി. മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലത്തിലും ഭൂരിപക്ഷം നേടിയാണ് കെ.സി. വേണുഗോപാൽ വിജയക്കൊടി പാറിച്ചത്. എൻ.ഡി.എയിലെ ശോഭ സുരേന്ദ്രൻ വൻ മുന്നേറ്റം നടത്തി 2,99,648 വോട്ട് നേടി. രാഹുൽ ഗാന്ധിയുടെ വലംകൈ എന്ന നിലയിൽ കെ.സി. വേണുഗോപാലിനെ ആലപ്പുഴക്കാർ നെഞ്ചേറ്റുകയായിരുന്നു. വോട്ടെണ്ണൽ തുടങ്ങിയതുമുതൽ കെ.സി. വേണുഗോപാലിനായിരുന്നു ലീഡ്. ആദ്യ റൗണ്ടിൽ ഏതാനും ബൂത്തിലെ കണക്ക് എടുത്തു കഴിഞ്ഞപ്പോൾ ശോഭ സുരേന്ദ്രൻ 392 വോട്ടിന് മുന്നിലെത്തിയിരുന്നു. പിന്നീട് ഭൂരിപക്ഷം തിരികെപ്പിടിച്ച കെ.സി പിന്നാക്കം പോയതേയില്ല. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എ.എം. ആരിഫിന് മേൽക്കൈ നേടാനായില്ല. പലഘട്ടങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയുമുണ്ടായി.
2019ലെ 18.74 ശതമാനത്തിൽനിന്ന് 30 ശതമാനത്തിലേക്ക് എൻ.ഡി.എയുടെ വോട്ടുവിഹിതം എത്തിച്ചതിലൂടെ ശോഭ സുരേന്ദ്രൻ കൈവരിച്ചത് വലിയ നേട്ടമാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും ജയിച്ച യു.ഡി.എഫ് തരംഗത്തിനിടയിലും എൽ.ഡി.എഫിന് പിടിവള്ളിയായ ഏക സീറ്റായിരുന്നു ആലപ്പുഴ. അന്ന് കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനെ എ.എം. ആരിഫ് തറപറ്റിച്ചത് 10,474 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. ‘കനൽ ഒരുതരി മതി’ എന്നായിരുന്നു ആരിഫിന്റെ ജയത്തെക്കുറിച്ച് എൽ.ഡി.എഫ് അണികളുടെ പ്രതികരണം. എന്നാൽ, ആലപ്പുഴയിലെ ആ ‘കനൽ’ കെടുത്താൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ നിയോഗിച്ച യു.ഡി.എഫിന് പിഴച്ചില്ല. 63,513 വോട്ടിന്റെ വൻ ഭൂരിപക്ഷമാണ് കെ.സി സ്വന്തമാക്കിയത്.
ഇത്തവണ കെ.സി. വേണുഗോപാൽ 4,04,560 വോട്ട് പിടിച്ചപ്പോൾ രണ്ടാമതെത്തിയ എ.എം. ആരിഫിന് 3,41,047 വോട്ടാണ് ലഭിച്ചത്. ഇത്തവണ ശോഭ സുരേന്ദ്രനെ കളത്തിലിറക്കിയ ബി.ജെ.പിക്ക് വോട്ട് ഒരുലക്ഷത്തിലധികമാണ് വർധിച്ചത്. 2,99,648 വോട്ടാണ് ശോഭ നേടിയത്.
2019ൽ ആരിഫ് 4,45,981 വോട്ട് നേടിയപ്പോൾ ഷാനിമോൾക്ക് ലഭിച്ചത് 4,35,496 വോട്ടാണ്. ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ഡോ. കെ.എസ്. രാധാകൃഷ്ണൻ 1,87,729 വോട്ടും പിടിച്ചു. മണ്ഡലത്തിൽ എൻ.ഡി.എ പിടിമുറുക്കുന്നതിന്റെ സൂചനകളാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. കായംകുളത്തും ഹരിപ്പാട്ടും ശോഭ സുരേന്ദ്രൻ രണ്ടാം സ്ഥാനത്ത് എത്തിയത് അതിന്റെ സൂചനയായാണ് കാണുന്നത്. ജില്ല പഞ്ചായത്തിലും എം.എൽ.എ, എം.പി എന്നീ നിലകളിലുമായി ആറുതവണ തെരഞ്ഞെടുപ്പിനെ നേരിട്ട എ.എം. ആരിഫിന്റെ ആദ്യ പരാജയമാണ് ഇപ്പോഴുണ്ടായത്.
കായംകുളം: കെ.സി. വേണുഗോപാലിന്റെ വിജയത്തിൽ ആഹ്ലാദവുമായി കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. എ. ത്രിവിക്രമൻതമ്പി, യു. മുഹമ്മദ്, എസ്. രാജേന്ദ്രൻ, കെ. പുഷ്പദാസ്, എം.ആർ. സലീംഷ, അമ്പിളി മോൻ, ബിജു നസറുള്ള, അഫ്സൽ പ്ലാമൂട്ടിൽ, ആസിഫ് സെലക്ഷൻ, പ്രശാന്ത്, എസ്. അബ്ദുൽ ലത്തീഫ്, എ. ഹസൻകോയ, ഷാജി വലിയപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
കെ.സി. വേണുഗോപാലിന്റെ വിജയത്തിൽ ആഹ്ലാദവുമായി യു.ഡി.എഫ് നഗരത്തിൽ പ്രകടനം നടത്തി. ടി. സൈനുല്ലാബ്ദീൻ, ചിറപ്പുറത്ത് മുരളി, എ. ത്രിവിക്രമൻതമ്പി, എ.പി. ഷാജഹാൻ, എ.ജെ. ഷാജഹാൻ, ശ്രീജിത് പത്തിയൂർ, രാജൻ ചെങ്കിളിൽ, സി.എ. സാദിഖ്, എ. ഇർഷാദ്, എ.എം. കബീർ, എ. നിസാർ, പി.സി. റെഞ്ചി, അൻസാരി കോയിക്കലേത്ത്, അഫ്സൽ പ്ലാമൂട്ടിൽ, മഹാദേവൻ വാഴശ്ശേരിൽ, ഷുക്കൂർ വഴിശ്ശേരി, എച്ച്. ബഷീർ കുട്ടി, യു.എ. റഷീദ് എന്നിവർ നേതൃത്വം നൽകി.
ചേർത്തല: യു.ഡി.എഫ് ചേർത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.സി. വേണഗോപാലിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രകടനവും മധുര വിതരണവും നടത്തി. ചേർത്തല കോൺഗ്രസ് ഓഫിസിന് മുന്നിൽനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ചേർത്തല ദേവീക്ഷേത്രത്തിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം യു.ഡി.എഫ് ജില്ല ചെയർമാൻ സി.കെ. ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ ടി. സുബ്രഹ്മണ്യ ദാസ് അധ്യക്ഷത വഹിച്ചു.
ജബ്ബാർ, പി.വി. പുഷ്പാഗദൻ, ജി. സോമകുമാർ, എസ്. ശ്രീകുമാർ മാമ്പല, ഒ.എസ്. പ്രതിഷ്, സി.എസ്. പങ്കജാക്ഷൻ, സി.കെ. ഉണ്ണികൃഷ്ണൻ, കെ. ദേവരാജൻപിള്ള, സുരേഷ് ബാബു, ജോസഫ് നടയ്ക്കൽ, ജയറാം, വി. വിനീഷ്, ദിനേശൻ രഞ്ജിത്, വിനോദ് ആലുങ്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.