കോട്ടയം: ഇഷ്ടപ്പെട്ടാൽ കോട്ടയംകാർ അങ്ങെടുക്കും. അനിഷ്ടം തോന്നിയാൽ ഒരു മടിയുമില്ലാതെ പുറംതിരിഞ്ഞുനിൽക്കും. നിലപാടിന്റെ കാര്യത്തിൽ നേരെ വാ നേരെപോ എന്നാണ് ലൈൻ. ഇടക്കുനിന്ന് അഴകൊഴമ്പൻ നിലപാടില്ല. അതിപ്പോ തെരഞ്ഞെടുപ്പിന്റെ കാര്യമായാലും അങ്ങനെതന്നെ.
ഇതുവരെ മത്സരിച്ച സ്ഥാനാർഥികളിൽ രണ്ടുപേർ ഒഴികെ എല്ലാവരെയും ഒന്നിലേറെ തവണ ജയിപ്പിച്ച മണ്ഡലമാണ് കോട്ടയം. സുരേഷ് കുറുപ്പിനെ നാലുതവണയും രമേശ് ചെന്നിത്തലയെ മൂന്നുതവണയുമാണ് ജയിപ്പിച്ചത്.
1957ൽ കോൺഗ്രസിലെ മാത്യു മണിയങ്ങാടൻ ആയിരുന്നു വിജയി. ’62 ലും ഇദ്ദേഹത്തിന് വീണ്ടും അവസരം നൽകി. എന്നാൽ മൂന്നാംതവണ മണിയങ്ങാടനെ കൈവിട്ട് സി.പി.എമ്മിലെ കെ.എം. അബ്രഹാമിനെ സ്വീകരിച്ചു.
71ൽ കേരള കോൺഗ്രസിലെ വർക്കി ജോർജ് വിജയിച്ചെങ്കിലും രണ്ടാംതവണ തോറ്റു. കേരള കോൺഗ്രസിലെ സ്കറിയ തോമസ് ആണ് ജയിച്ചത്. കേരള കോൺഗ്രസുകാർ നേർക്കുനേർ വന്ന മത്സരം കൂടിയായിരുന്നു അത്. 1980 ലും സ്കറിയ തോമസ് വിജയം തുടർന്നു.
84 ലായിരുന്നു സുരേഷ് കുറുപ്പിന്റെ ആദ്യജയം. എന്നാൽ 89ൽ രമേശ്ചെന്നിത്തലക്കു മുന്നിൽ സുരേഷ് കുറുപ്പ് തോറ്റു. 91 ലും 96ലും ചെന്നിത്തല തന്നെ വിജയക്കൊടി പാറിച്ചു. 98 ൽ സുരേഷ് കുറുപ്പ് ശക്തിയാർജിച്ചു തിരിച്ചുവന്നതോടെ ചെന്നിത്തലക്കും കാലിടറി. 99ലും 2004ലും കുറുപ്പ് തന്നെ ആയിരുന്നു വിജയി. എന്നാൽ 2009ൽ ജോസ് കെ. മാണിയോടു തോറ്റു. 2014 ലും ജോസ് കെ. മാണി വിജയം തുടർന്നു. 2019 ൽ വിജയിച്ച സിറ്റിങ് എം.പി തോമസ് ചാഴികാടന് കോട്ടയം രണ്ടാം അവസരം നൽകുമോ അതോ ഫ്രാൻസിസ് ജോർജിനെ ഇരുകൈയും നീട്ടി സ്വീകരിക്കുമോ എന്ന് കണ്ടറിയണം.
കോട്ടയത്തു മത്സരിച്ചു ജയിച്ചവരിൽ കോട്ടയംകാരനല്ലാത്ത ഒരാളേയുള്ളൂ-രമേശ് ചെന്നിത്തല. അയൽജില്ലയായ ആലപ്പുഴയിലെ മാവേലിക്കര സ്വദേശിയായ ഇദ്ദേഹത്തിന് കോട്ടയവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിലായിരുന്നു ബിരുദപഠനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.