പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ രാഷ്ട്രീയ കക്ഷികൾ പത്തനംതിട്ട മണ്ഡലത്തിലും അരയും തലയും മുറുക്കി രംഗത്തിറങ്ങി. പൊരിഞ്ഞ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായി വരുംദിവസങ്ങളിൽ പത്തനംതിട്ട മാറും.
എന്നാൽ ത്രികോണ പോരാട്ടത്തിലേക്ക് നീങ്ങില്ല. യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാകും പോരാട്ടം. അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വം അംഗീകരിക്കാൻ ബി.ജെ.പിയിലെ വലിയ വിഭാഗം പ്രവർത്തകർ വിമുഖത കാണിക്കുന്നു.
കൈയിലുള്ള സീറ്റ് നഷ്ടപ്പെടാതിരിക്കാനും പിടിച്ചെടുക്കാനുമുള്ള അടവുകൾ രൂപപ്പെടുത്തുന്ന തിരക്കിലാണ് പാർട്ടികൾ. വെള്ളിയാഴ്ച വൈകീട്ടാണ് യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം വന്നത്. ആന്റോ ആൻറണിയാകും സ്ഥാനാർഥിയെന്ന് ഉറപ്പായിരുന്നു. മൽസരിച്ച മൂന്നു തെരഞ്ഞെടുപ്പുകളിലും വിജയിച്ച ആന്റോ ആന്റണിയുടെ നാലാം ഉൗഴമാണിത്. ഓരോ പ്രാവശ്യവും ഭൂരിപക്ഷം കുറഞ്ഞ് വന്നത് അദ്ദേഹത്തിന് ഭീഷണിയാണ്. ഇപ്രാവശ്യം ജീവന്മരണ പോരാട്ടമാണ് ആന്റോക്ക്.
എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥി പ്രഖ്യാപനം നേരത്തെ വന്നതോടെ അവർ പ്രചാരണ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. വോട്ടർമാരെയും പ്രമുഖ വ്യക്തികളെയും കാണുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. ഉത്സവ സീസൺ കൂടിയായതിനാൽ ആരാധനാലയങ്ങൾ സന്ദർശിക്കുകയും ചെയ്യുന്നുണ്ട്.
എൽ.ഡി.എഫ് സ്ഥാനാർഥിയായ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക് മണ്ഡലങ്ങളിൽ മുഖാമുഖം പരിപാടികളിലും കുടുംബസദസ്സുകളിലും പെങ്കടുക്കുന്നു. ശനിയാഴ്ച പത്തനംതിട്ടയിൽ പാർലെമൻറ് മണ്ഡലം കൺെവൻഷൻ നടന്നു. അടുത്ത ദിവസങ്ങളിൽ വിവിധ മണ്ഡലം കൺെവൻഷനുകൾ േചർന്ന് പ്രവർത്തനം ഊർജിതമാക്കും. ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങളിൽ എൽ.ഡി.എഫ് മുന്നിൽ നിൽക്കുന്നു.
യു.ഡി.എഫ് സ്ഥാനാർഥിപ്രഖ്യാപനം അൽപം വൈകിയെങ്കിലും പ്രവർത്തകർ ഉഷാറായി രംഗത്തെത്തിയിട്ടുണ്ട്. ആന്റോ ആന്റണി പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയശേഷം ശനിയാഴ്ച പ്രചാരണത്തിന് തുടക്കംകുറിച്ചു. എൻ.ഡി.എ സ്ഥനാർഥി അനിൽ ആൻറണി ആരാധനാലയങ്ങൾ സന്ദർശിക്കുകയും സാമുദായിക നേതാക്കളെ കാണുകയും പെയ്യുന്നുണ്ട് . വരും ദിവസങ്ങളിൽ ദേശീയ -സംസ്ഥാന നേതാക്കൾ കൂടി എത്തുന്നതോടെ കളം ചൂട് പിടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.