തിരുവനന്തപുരം: തീയതി കുറിച്ചതോടെ തലസ്ഥാനത്തെ തെരഞ്ഞെടുപ്പ് കളത്തിൽ തീപാറിത്തുടങ്ങി. അത്രവേഗത്തിലങ്ങ് വഴങ്ങാത്തതാണ് മണ്ഡലത്തിലന്റെ മനസ്സ്. സ്ഥാനാർഥികൾ എത്ര കൊമ്പൻമാരാണെങ്കിലും അൽപം വിയർക്കേണ്ടി വരും. അടിയൊഴുക്കുകൾക്കെതിരെ നീന്തുകയും വേണം. അത്കൊണ്ടു തന്നെ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരും ഇടത് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനും എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും നന്നായി വെയിലു കൊള്ളുകയാണ്.
രാവിലെ എട്ടിന് നിർമ്മലഭവൻ സ്കൂൾ സന്ദർശനത്തോടെയാണ് ഇടതുസ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ തിങ്കളാഴ്ചയിലെ പ്രചാരണ പരിപാടികൾക്ക് തുടക്കമായത്. നേമത്തെ റമദാൻ റിലീഫ് വിതരണച്ചടങ്ങിൽ പങ്കെടുത്തശേഷം നേരെ ഇറങ്ങിയത് അടിമലത്തുറയും കൊച്ചുപള്ളിയും പുല്ലുവിളയും പള്ളവും പുതിയ തുറയും ഉൾപ്പെടെ തീരദേശ മേഖലയിലേക്കാണ്. തുടർന്ന് നെയ്യാറ്റിൻകര മേഖലയിലെ വിവിധ കൺവെൻഷനുകളിലും പങ്കെടുത്തു. നേമത്തെ റമദാൻ റിലീഫ് വിതരണച്ചടങ്ങിൽ പങ്കെടുത്ത് തന്നെയാണ് യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിന്റെയും തിങ്കളാഴ്ചയിലെ പരിപാടികൾക്ക് തുടക്കമായത്. പിന്നീട് വഴുതക്കാട് വിമൻസ് കോളജിൽ വിദ്യാർഥികളുമായി സംവദിച്ചു. ശേഷം വലിയപള്ളിയിലെത്തി. വൈകീട്ട് ഡി.സി.സിയിലെ ലീഡേഴ്സ് മീറ്റിലും പങ്കെടുത്തു.
സെൽഫിയാണ് തരൂരിന്റെ പ്രചാരണത്തെ വ്യത്യസ്തമാക്കുന്നത്. ‘തിരുവനന്തപുരത്തുകാർക്കൊപ്പം സെൽഫിയെടുക്കുന്നത് നിർബാധം തുടരുന്നു’ എന്ന തലക്കെട്ടോടെ പ്രചാരണവേളയിലെ വേറിട്ട സെൽഫി ചിത്രങ്ങൾ അദ്ദേഹം എഫ്.ബിയിൽ പങ്കുവെച്ചു. എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ രാവിലെ പത്തിന് രാജാജി നഗർ കോളനിയിൽ നിന്നാണ് പ്രചാരണ പരിപാടികൾ തുടങ്ങിയത്. വലിയശാലയിലെ പൊതുചടങ്ങിലും സംബന്ധിച്ചു. പ്രചാരണവും ജനസമ്പർക്കവുമെല്ലാം ഒരുവഴിക്ക് നടക്കുമ്പോഴും കൂട്ടിയും കിഴിച്ചും സാധ്യതകളുടെ തലനാരിഴ കീറിയുമെല്ലാം തലപുകയ്ക്കുകയാണ് പാർട്ടി ക്യാമ്പുകൾ.
മണ്ഡലത്തിന്റെ 70 ശതമാനത്തിലേറെ പ്രദേശവും നഗരമേഖലയാണ്. കഴക്കൂട്ടം, പാറശ്ശാല, നെയ്യാറ്റിൻകര, വട്ടിയൂർക്കാവ്, തിരുവനന്തപുരം, കോവളം, നേമം എന്നിങ്ങനെ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലുള്ളത്. ഇതിൽ കോവളം ഒഴികെ ആറിലും എൽ.ഡി.എഫിന് വ്യക്തമായ ആധിപത്യം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ എൽ.ഡി.എഫ് -3, യു.ഡി.എഫ് -3, ബി.ജെ.പി ഒന്ന് എന്നായിരുന്നു നിയമസഭയിലെ ബലാബലം. 2021 നിയമസഭ തെരഞ്ഞെടുപ്പിലാണ് ഇത് മാറിമറിഞ്ഞത്. 35 വർഷമായി തിരുവനന്തപുരം കോർപറേഷൻ ഭരിക്കുന്നത് എൽ.ഡി.എഫാണ്.
കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ ഒരുലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് മുന്‍ കേന്ദ്രമന്ത്രിയും സിറ്റിങ് എം.പിയുമായ ശശി തരൂര്‍ പരാജയപ്പെടുത്തിയത്. ഇതാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസവും. ശബരിമല പ്രശ്നം കത്തിനിന്നിട്ടും കുമ്മനത്തിന് 31.3 ശതമാനം വോട്ടേ നേടാനായുള്ളൂ. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ശശി തരൂര്‍ സമഗ്രവിജയം നേടിയത്. 2014-ല്‍ ഒ. ജഗോപാലിലൂടെയാണ് മണ്ഡലത്തില്‍ ബി.ജെ.പി. കരുത്ത് വര്‍ധിപ്പിച്ചത്. എന്നാല്‍ 2014-ൽ യു.ഡി.എഫും ബി.ജെ.പിയും തമ്മിലെ വോട്ടന്തരം 15,000 ൽ നിന്ന് 2019 ൽ ഒരു ലക്ഷത്തോളമായി കൂടി.
2005-ല്‍ പന്ന്യന്‍ രവീന്ദ്രന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ഇടതുപക്ഷത്തിന് തിരിച്ചുവരവ് സാധ്യമായിട്ടില്ല. 2019-ല്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോഴും അതിന് ശേഷവും ജില്ലയില്‍ ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷത്തിനാണ് വിജയം നേടാനായത്. മാത്രമല്ല, പ്രാദേശിക തലത്തിലും ഇടതുപക്ഷത്തിന് വലിയ മേല്‍ക്കൈയുണ്ട്. ഇത്രയും സ്വാധീനമുണ്ടായിട്ടും മൂന്നാം സ്ഥാനത്താകുന്നത് ഇത്തവണ മാറ്റിയെടുത്തേ തീരൂ എന്ന ദൃഢനിശ്ചയത്തിലാണ് ഇടതു ക്യാമ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.